എറണാകുളം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഫോട്ടോകളും വീഡിയോകളുമായി അസം സ്വദേശി കൊച്ചിയിൽ പോലീസ് പിടിയിൽ. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ നടന്ന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. നാഗോൺ സ്വദേശി ഹാബിജുർ റഹ്മാൻ (37) ആണ് ഞാറക്കൽ പോലീസിന്റെ പിടിയിലായത്. ഇയാളുടെ മൊബൈലിൽ നിന്നും 15 വയസിൽ താഴെയുള്ള പെൺകുട്ടിയുടെ ഫോട്ടോകളും വീഡിയോകളും കണ്ടെടുത്തു.
ഒപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽ മൂവാറ്റുപുഴയിൽ ഒരാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതുകൂടാതെ, റൂറൽ ജില്ലയിൽ ഏഴ് പേർക്കെതിരെയാണ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ സമാന കേസിൽ 10 പേരാണ് അറസ്റ്റിലായത്. ദൃശ്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാൾ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിൽ രണ്ട് പേർ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. അഞ്ച് വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പിടിച്ചെടുത്ത ഉപകരണങ്ങളിൽ നിന്നും കണ്ടെടുത്തു.
Discussion about this post