കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയായിരുന്ന ഫാത്തിമ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 96 വയസായിരുന്നു.മുസ്ലീം വിഭാഗത്തിൽ നിന്നുള്ള ആദ്യ ഗവർണർ കൂടിയായിരുന്നു ഫാത്തിമ ബീവി. തമിഴ്‌നാട് ഗവർണറായിട്ടായിരുന്നു സേവനം.
1927 ഏപ്രിൽ 30-ന് പത്തനംതിട്ട ജില്ലയിൽ മീരാസാഹിബിന്റേയും ഖദീജാബീവിയുടേയും മകളായി ജനിച്ചു. പത്തനംതിട്ട കത്തോലിക്കേറ്റ് ഹൈസ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ബിരുദവും; തിരുവനന്തപുരത്തെ ലോ കോളേജിൽ നിന്നും നിയമത്തിലും ബിരുദം നേടി.
14 നവംബർ 1950 നാണ് ഫാത്തിമ അഭിഭാഷകയായി തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. പിന്നീട് കേരളത്തിലെ ചെറുകോടതികളിൽ തന്റെ അഭിഭാഷക സേവനം ചെയ്തു. 1958 മെയ് മാസം സബോഡിനേറ്റ് മുൻസിഫായി നിയമിതയായി. 1968 ൽ സബ് ഓർഡിനേറ്റ് ജഡ്ജ് ആയി പ്രൊമോട് ചെയ്യപ്പെട്ടു. പിന്നീട് 1972 ൽ ചീഫ് ജുഡീഷ്യൻ മജിസ്‌ട്രേറ്റ് ആയും , 1974 ൽ ജില്ലാ, സെഷൻസ് ജഡ്ജും ആയി. 1980 ജനുവരിയിൽ ഇങ്കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ അംഗമായി. 1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984 ൽ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രിൽ 29-ന് ഹൈക്കോടതിയിൽ നിന്നും വിരമിച്ചു. പക്ഷേ 1989 ഒക്ടോബർ 6ന് സുപ്രീം കോടതിയിൽ ജഡ്ജിയായി നിയമനം ലഭിച്ചു. 1992 ഏപ്രിൽ 29 വിരമിച്ചു.
Discussion about this post