മലയാള സിനിമയിലെ എക്കാലത്തെയും വലിയ പ്രണയകഥകളിൽ ഒന്നായ ‘അനിയത്തിപ്രാവ്’കാണാത്ത മലയാളികൾ ഉണ്ടാകില്ല. കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടെയും സിനിമാ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു ഈ ചിത്രം. ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം സ്വർഗ്ഗചിത്ര അപ്പച്ചനാണ് നിർമ്മിച്ചത്. സുധിയും മിനിയും തമ്മിലുള്ള നിഷ്കളങ്കമായ പ്രണയവും അതിനെത്തുടർന്നുണ്ടാകുന്ന കുടുംബ പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഈ ചിത്രം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് എക്കാലത്തെയും ഹിറ്റ് ജോഡിയായ കുഞ്ചാക്കോ ബോബനെയും ശാലിനിയെയുമാണ്. കുഞ്ചാക്കോ ബോബൻ എന്ന ഇന്നത്തെ സൂപ്പർ താരത്തിന്റെ നായകൻ എന്ന നിലയിൽ ഉള്ള അരങ്ങേറ്റം ഈ ചിത്രത്തിലൂടെ ആയിരുന്നു. ഔസേപ്പച്ചൻ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. എസ്. രമേശൻ നായരായിരുന്നു ഗാനരചന.
സുധി (കുഞ്ചാക്കോ ബോബൻ) ഉപരിപഠനത്തിനായി തന്റെ സുഹൃത്തുക്കൾക്കൊപ്പം ഒരു പുതിയ നഗരത്തിൽ എത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. അവിടെ വെച്ച് അയാൾ മിനിയെ (ശാലിനി) കാണുന്നു. ശേഷം ഇരുവർക്കുമിടയിൽ ഉണ്ടാകുന്ന പ്രണയവും , അത് വീട്ടുകാർ അംഗീകരിക്കാത്ത അവസ്ഥയുമൊക്കെയാണ് സിനിമ പറയുന്ന കഥ.
സിനിമയിൽ വളരെ നിർണായക പോയിന്റിൽ സുധി മിനിയുമൊത്ത് കൂട്ടുകാരനായ ചിപ്പായിയുടെ വീട്ടിൽ അഭയം തേടുന്നുണ്ട്. അവിടെ എന്തുകൊണ്ടാണ് സുധിയേയും മിനിയെയും വീട്ടിലേക്ക് ക്ഷണിച്ചതെന്ന് ചിപ്പായി അച്ഛൻ ചെല്ലപ്പനോട് പറയുന്ന സീനുണ്ട്. വളരെ സീരിയസായി നടക്കുന്ന സംഭാഷണമാണ് അത്. എന്നാൽ ” ഇവനെ കഷ്ണം കഷ്ണമായി വെട്ടിനുറുക്കാൻ കാത്തുനിൽക്കുയാണ് മിനിയുടെ മൂന്ന് ആങ്ങളമാർ” എന്ന് ഹരിശ്രീ അശോകൻ പറയുമ്പോൾ എല്ലാവരും വളരെ കടുപ്പമേറിയ മുഖഭാവത്തിലാണ് നിൽക്കുന്നത്. എന്നാൽ തന്നെ വെട്ടിനുറുക്കുന്ന കാര്യങ്ങൾ പറയുമ്പോൾ അതിൽ ചെറുതായി കുഞ്ചാക്കോ ബോബൻ ചിരിക്കുന്നത് കാണാൻ സാധിക്കും.
സിനിമയിലെ തുടക്കക്കാരന്റെ പരിചയസമ്പത്ത് കുറവ് അതിൽ വ്യക്തമായി കാണാം.












