ഇറ്റലിയിലെ മിലാൻ-കോർട്ടിനയിൽ നടക്കുന്ന 2026 വിന്റർ ഒളിമ്പിക്സിൽ മത്സരങ്ങളേക്കാൾ ചർച്ചയാകുന്നത് കായിക താരങ്ങളുടെ താമസസ്ഥലത്തെ അസാധാരണമായ ‘ക്ഷാമം’. ഒളിമ്പിക്സ് വില്ലേജിൽ വിതരണം ചെയ്ത പതിനായിരത്തോളം കോണ്ടം പാക്കറ്റുകൾ വെറും മൂന്ന് ദിവസത്തിനുള്ളിൽ തീർന്നതാണ് സംഘാടകരെ അമ്പരപ്പിച്ചിരിക്കുന്നത്. കായിക ഗ്രാമത്തിൽ താമസിക്കുന്ന അത്ലറ്റുകൾക്കിടയിൽ സുരക്ഷിത ലൈംഗികത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംഘാടകർ സൗജന്യമായി ഇവ വിതരണം ചെയ്യുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ സ്റ്റോക്ക് തീർന്നതോടെ പുതിയ ബാച്ച് എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതർ.
ഏകദേശം 2,900 കായിക താരങ്ങൾ മാത്രമാണ് വിന്റർ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. ഇവർക്കായി 10,000 പാക്കറ്റുകൾ തികയുമെന്നായിരുന്നു സംഘാടക സമിതിയുടെ കണക്കുകൂട്ടൽ. എന്നാൽ ഓരോ കായിക താരവും ശരാശരി മൂന്നിലധികം പാക്കറ്റുകൾ വീതം ആദ്യ ദിവസങ്ങളിൽ തന്നെ കൈക്കലാക്കിയതോടെ കണക്കുകൾ പിഴച്ചു. മുൻപ് നടന്ന പാരീസ് ഒളിമ്പിക്സിൽ (2024) ഏകദേശം രണ്ട് ലക്ഷത്തിലധികം കോണ്ടം പാക്കറ്റുകൾ വിതരണം ചെയ്തിരുന്നു. അതിനെ അപേക്ഷിച്ച് ഇറ്റലിയിൽ സ്റ്റോക്ക് വളരെ കുറവായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് വിമർശനമുണ്ട്.
ഒളിമ്പിക്സ് വില്ലേജിലെ ജീവിതം അതീവ സമ്മർദ്ദവും അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താരങ്ങൾ തമ്മിലുള്ള അടുത്ത ഇടപെടലുകൾക്കും വേദിയാകാറുണ്ട്. കോവിഡ് കാലത്ത് ടോക്കിയോ ഒളിമ്പിക്സിൽ ഏർപ്പെടുത്തിയിരുന്ന ശാരീരിക അകലം പാലിക്കാനുള്ള കർശന നിർദ്ദേശങ്ങൾ പിൻവലിച്ചതോടെ അത്ലറ്റുകൾ പഴയ രീതിയിലുള്ള സാമൂഹിക ജീവിതത്തിലേക്ക് മടങ്ങിയിരിക്കുകയാണ്. മിലാനിലെ താൽക്കാലിക താമസ യൂണിറ്റുകളിൽ സ്വകാര്യത കുറവാണെങ്കിലും താരങ്ങൾക്കിടയിലെ അടുപ്പം വർദ്ധിച്ചതാണ് ഈ അമിത ആവശ്യത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.












