ഇന്ത്യയുടെ ഭൂപടത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ‘ചിക്കൻ നെക്ക്’ (Chicken Neck) ഇടനാഴിയിൽ വൻ പ്രതിരോധ-വികസന പദ്ധതിയുമായി കേന്ദ്ര സർക്കാർ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിയിലൂടെ 35.76 കിലോമീറ്റർ നീളമുള്ള ഭൂഗർഭ റെയിൽപാത നിർമ്മിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ശത്രുരാജ്യങ്ങളുടെ നിരീക്ഷണത്തിന് പിടികൊടുക്കാത്ത രീതിയിൽ, അതീവ സുരക്ഷിതമായി സൈനിക നീക്കങ്ങളും ചരക്ക് ഗതാഗതവും ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ്, ഉത്തർ ദിനാജ്‌പൂർ ജില്ലകളെയും ബീഹാറിലെ കിഷൻഗഞ്ച് ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പാത കടന്നുപോകുന്നത്.
ഏകദേശം 22 കിലോമീറ്റർ മാത്രം വീതിയുള്ള സിലിഗുരി ഇടനാഴി നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തിയോട് ചേർന്നുനിൽക്കുന്ന ഒന്നാണ്. ഈ തന്ത്രപ്രധാന മേഖലയിൽ പ്രകൃതിക്ഷോഭങ്ങളോ മറ്റ് സുരക്ഷാ ഭീഷണികളോ ഉണ്ടായാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായുള്ള ബന്ധം തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഇത് പരിഗണിച്ചാണ് ഭൂമിക്കടിയിലൂടെയുള്ള റെയിൽപ്പാത എന്ന ആശയം റെയിൽവേ നടപ്പിലാക്കുന്നത്. ദുംദംഗി മുതൽ ബാഗ്ഡോഗ്ര വരെയുള്ള ഈ പാത സൈനിക നീക്കങ്ങൾക്ക് വൻ കരുത്താകും. ഇന്ത്യൻ സൈന്യത്തിന്റെ 33 കോർപ്‌സ് ആസ്ഥാനമായ ബെങ്ദുബി കന്റോൺമെന്റ്, ബാഗ്ഡോഗ്ര വ്യോമസേനാ താവളം എന്നിവയുമായി റെയിൽവേ ബന്ധിപ്പിക്കുന്നത് പ്രതിരോധ രംഗത്ത് വലിയ വിപ്ലവത്തിന് വഴിയൊരുക്കും.
ഏറ്റവും ആധുനികമായ ടണൽ ബോറിംഗ് മെഷീനുകൾ (TBM) ഉപയോഗിച്ചാണ് ഇരട്ട തുരങ്കങ്ങളുടെ നിർമ്മാണം നടക്കുക. 2×25 kV എസി ഇലക്ട്രിഫിക്കേഷൻ, ഓട്ടോമാറ്റിക് സിഗ്നലിംഗ്, അത്യാധുനിക ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ഈ പാതയുടെ പ്രത്യേകതയാണ്. 25 ടൺ ആക്‌സിൽ ലോഡ് താങ്ങാൻ ശേഷിയുള്ള പാലങ്ങളാണ് ഈ റൂട്ടിൽ നിർമ്മിക്കുന്നത്. പശ്ചിമ ബംഗാളിന് ഈ വർഷം റെക്കോർഡ് തുകയായ 14,205 കോടി രൂപയാണ് റെയിൽവേയ്ക്കായി അനുവദിച്ചിരിക്കുന്നത്. ഏകദേശം 92,000 കോടി രൂപയുടെ റെയിൽവേ പദ്ധതികളാണ് നിലവിൽ സംസ്ഥാനത്ത് പുരോഗമിക്കുന്നത്. ഇതിനു പുറമെ സിലിഗുരിയിൽ നിന്ന് ആരംഭിക്കുന്ന പശ്ചിമ ബംഗാളിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയും റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനൊപ്പം വടക്കുകിഴക്കൻ ഭാരതത്തിന്റെ വികസനത്തിൽ വലിയൊരു കുതിച്ചുചാട്ടത്തിനാണ് മോദി സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ ചൈനയുടെ ഭീഷണികൾക്ക് ശക്തമായ മറുപടി നൽകാൻ ഭാരതത്തിന് സാധിക്കും.








