ഹൈദരാബാദ്: തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന പ്രസംഗത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അക്ബറുദ്ദീൻ ഒവൈസിക്കെതിരെ രൂക്ഷവിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇത് അസമിൽ സംഭവിച്ചിരുന്നെങ്കിൽ അഞ്ച് മിനിറ്റിനുള്ളിൽ വിഷയം പരിഹരിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘ഇത് അസമിലാണ് സംഭവിച്ചതെങ്കിൽ അഞ്ച് മിനിറ്റിനുള്ളിൽ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നു. തെലങ്കാനയിലെ പ്രീണന രാഷ്ട്രീയമാണ്. ബിആർഎസോ കോൺഗ്രസോ വിഷയത്തിൽ പ്രതികരിക്കുന്നില്ല. പോലീസിനെ പരസ്യമായി ഭീഷണിപ്പെടുത്താൻ കഴിയുമെങ്കിൽ, ജനങ്ങൾക്കും ഭീഷണിയാണ്. അക്ബറുദ്ദീൻ ഒവൈസിയുടെ സ്ഥാനാർത്ഥിത്വം റദ്ദാക്കണം’- മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ, എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിയുടെ സഹോദരൻ അക്ബറുദ്ദീൻ ഒവൈസിക്കെതിരെ പോലീസ് കേസെടുത്തതായി സൗത്ത് ഈസ്റ്റ് സോൺ ഡിസിപി രോഹിത് രാജു അറിയിച്ചു. ഔദ്യോഗിക കൃത്യനിർവഹണം കുറ്റപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഹൈദരാബാദിലെ ലളിതാബാഗിൽ ഒരു പ്രചരണ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഒവൈസി പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്. താൻ ഒരു സൂചന നൽകിയാൽ ഈ വേദി വിട്ട് ഓടേണ്ടി വരുമെന്നായിരുന്നു ഒവൈസിയുടെ ഭീഷണി. ‘കത്തികളും വെടിയുണ്ടകളും നേരിട്ടതിന് ശേഷം, ഞാൻ തളർന്നുപോയി എന്ന് നിങ്ങൾ കരുതുന്നുണ്ടോ, ഇപ്പോഴും എന്നിൽ ഒരുപാട് ധൈര്യം ബാക്കിയുണ്ട്. അഞ്ച് മിനിറ്റ് ഇനിയും ബാക്കിയുണ്ട്. ഈ അഞ്ച് മിനിറ്റ് ഞാൻ സംസാരിക്കും. ആർക്കും എന്നെ തടയാൻ കഴിയില്ല, ഞാൻ ഒരു സിഗ്നൽ നൽകിയാൽ നിങ്ങൾ ഓടേണ്ടി വരും’- എന്നായിരുന്നു ഒവൈസിയുടെ ഭീഷണി.
ഇക്കാര്യത്തിൽ, അസദുദ്ദീൻ ഒവൈസിയും സംഭവത്തിൽ ന്യായീകരണവുമായി എത്തി. പ്രചാരണ സമയം അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ഉദ്യോഗസ്ഥൻ ഇടപെടാൻ പാടില്ലായിരുന്നുവെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു.








