ലക്നൗ : ഉത്തർപ്രദേശിലെ മഥുരയിൽ നടക്കുന്ന ‘ബ്രജ് രാജ് ഉത്സവ’ത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. കൃഷ്ണഭക്തയായ കവയത്രി മീരാഭായിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മീരാഭായി ജന്മോത്സവ’ത്തിലും അദ്ദേഹം പങ്കെടുക്കും. ചടങ്ങിൽ മീരാ ഭായിയുടെ സ്മരണാർത്ഥം ഒരു സ്മരണിക സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.
മീരാ ഭായിയുടെ 525-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 23 മുതൽ 25 വരെ ആഘോഷിക്കുന്ന ബ്രജ് രാജ് ഉത്സവത്തിനിടെ മൂന്ന് ദിവസങ്ങളിലായി ആണ് മീരാഭായിയുടെ സ്മരണാർത്ഥം സന്ത് മീരാഭായ് ഫെസ്റ്റ് ആഘോഷിക്കുന്നത്. മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി, ബങ്കെ ബിഹാരി ക്ഷേത്രം എന്നിവിടങ്ങളും മോദി സന്ദർശിക്കും.
മഥുരയിൽ നിന്നുള്ള ബി.ജെ.പി എം.പി ഹേമ മാലിനി മീരാ ബായിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു നൃത്ത നാടകം ചടങ്ങിൽ അവതരിപ്പിക്കും. വെറ്ററിനറി സർവകലാശാല കാമ്പസിലെ ദീൻദയാൽ ഉപാധ്യായ ഓഡിറ്റോറിയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ മീരാഭായിയെക്കുറിച്ചുള്ള ദേശീയ സെമിനാർ നടക്കും. ചടങ്ങിൽ രാജ്യത്തെ പ്രമുഖ പണ്ഡിതന്മാർ സംസാരിക്കും.








