ശ്രീനഗർ: വീരമൃത്യുവരിച്ച ജവാന്മാരുടെ ജീവന് കണക്ക് ചോദിച്ച് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. രജൗരിയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വകവരുത്തിയത്.
ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് വധിച്ചത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാക് ഭീകരനായ ഖൗറിയാണ് കൊല്ലപ്പെട്ടത് എന്ന് സുരക്ഷാ സേന അറിയിച്ചു. രജൗരി- പൂഞ്ച് അതിർത്തി കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങളിൽ പ്രധാനിയാണ് ഇയാൾ. രണ്ടാമത്തെ ഭീകരനെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.
രജൗരിയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിന്റെ തുടർച്ചയെന്നോണം ഇന്നും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
അതേസമയം രജൗരിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈനികൻ ഉച്ചയോടെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.











