കോയമ്പത്തൂർ: തന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് നഗ്നചിത്രങ്ങൾ അയച്ചുതരാൻ പ്ലസ് വൺ വിദ്യാർത്ഥിനിയോട് ആവശ്യപ്പെട്ട ബാഡ്മിന്റൺ പരിശീലകൻ അറസ്റ്റിൽ. കോയമ്പത്തൂർ സെൻട്രലിലെ സ്വകാര്യ സ്‌കൂളിലെ ബാഡ്മിന്റൺ പരിശീലകനാണ് പിടിയിലായത്. കോയമ്പത്തൂർ സെൻട്രൽ ഓൾ-വുമൺ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സൗരിപാളയം സ്വദേശി ഡി അരുൺ ബ്രൺ (28) ആണ് പിടിയിലായത്.
അവിനാശി റോഡിലെ ഒരു സ്വകാര്യ സ്‌കൂളിൽ താത്കാലിക ബാഡ്മിന്റൺ പരിശീലകനായി ജോലി ചെയ്യുകയായിരുന്നു അരുൺ. കഴിഞ്ഞ ആറ് മാസമായി ഇയാൾ ഇവിടെ ജോലി ചെയ്യുന്നു. പതിനേഴുകാരിയോട് അരുൺ തന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ഫോട്ടോ അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പെൺകുട്ടി ഇത് നിഷേധിച്ചതോടെ സ്‌കൂൾ പരിസരത്ത് വസ്ത്രം മാറുന്നതിനിടെ പെൺകുട്ടിയുടെ ചിത്രങ്ങൾ ഇയാൾ പകർത്തി. പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ ആക്ട്, ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരം പരിശീലനകനെതിരെ പോലീസ് കേസെടുത്തത്.
അറസ്റ്റിന് പിന്നാലെ സ്‌കൂൾ മാനേജ്‌മെന്റ് പ്രതിയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. മറ്റ് അഞ്ച് പെൺകുട്ടികളോട് കൂടി ബാഡ്മിന്റൺ പരിശീലകൻ മോശമായി പെരുമാറാൻ ശ്രമിച്ചുവെന്നാണ് വിവരം. അവരുടെ ചിത്രങ്ങളും ഇയാൾ ആവശ്യപ്പെട്ടിരുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
Discussion about this post