തിരുവനന്തപുരം: ബാര്‍ ഉടമകളുടെ വിരട്ടല്‍ യു.ഡി.എഫിനോട് വേണ്ടെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍. തെറ്റായ പ്രചാരണം നടത്തി സര്‍ക്കാരിനെ ദുര്‍ബലമാക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് മദ്യപിക്കാനുള്ള അവസരമുണ്ടാക്കി പണമുണ്ടാക്കുന്ന ബാര്‍ ഉടമകള്‍ക്ക് സ്വാഭാവികമായും നിരാശയുണ്ടാകും. ജനങ്ങള്‍ അംഗീകരിച്ച ഈ നയത്തിനെതിരെ ആരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുകള്‍ ഉണ്ടായാലും തടയുമെന്ന് അദ്ദേഹം അറിയിച്ചു.
ചരിത്രപ്രധാനമായ തീരുമാനമാണ് സുപ്രീം കോടതി വിധി. നാടിനെ സ്‌നേഹിക്കുന്ന, ജനതാത്പര്യമുള്ള എല്ലാവരും അത് സ്വീകരിക്കും. കെ. കരുണാകരന്‍ ആവിഷ്‌കരിച്ച്, എ.കെ. ആന്റണി മുന്നോട്ടുകൊണ്ടുപോയ മദ്യനയത്തിന് ഇപ്പോള്‍ സുപ്രീം കോടതിയുടെ അംഗീകാരവും ലഭിച്ചിരിക്കുകയാണ്. ഇത് അഭിമാനകരമായ നേട്ടമാണെന്നും സുധീരന്‍ പറഞ്ഞു.
നയം രൂപീകരിച്ച സര്‍ക്കാരിന് അതു നടപ്പിലാക്കാനുള്ള അവകാശവുമുണ്ട്. ഇതൊരു കൂട്ടായ തീരുമാനത്തിന്റെ വിജയമാണ്; അംഗീകാരമാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം നൂറുശതമാനം ശരിയെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 ഏപ്രില്‍ മുതലുള്ള കണക്കുകള്‍ പ്രകാരം അഞ്ച് കോടിയിലധികം ലിറ്ററിന്റെ കുറവാണ് മദ്യ ഉപഭോഗത്തില്‍ ഉണ്ടായിരിക്കുന്നത്. മദ്യവുമായി ബന്ധപ്പെട്ടുള്ള അപകടങ്ങള്‍, ഗാര്‍ഹികപീഡനങ്ങള്‍ എന്നിവ കുറഞ്ഞു. സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ സമാധാനപരമായി ഇറങ്ങിനടക്കാന്‍ സാധിക്കുന്നു. മദ്യനിരോധനം പ്രായോഗികമല്ല എന്ന വാദങ്ങള്‍ പലരും ഉന്നയിച്ചെങ്കിലും, അങ്ങനെയല്ല എന്ന് സര്‍ക്കാര്‍ തെളിയിച്ചു-അദ്ദേഹം പറഞ്ഞു.
Discussion about this post