ആലപ്പുഴ : പുന്നപ്രയിൽ 65 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. പുന്നപ്ര സ്വദേശി 65 വയസ്സുകാരനായ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ തന്നെയാണ് കൊലപാതകം നടത്തിയത് എന്ന് പോലീസ് സ്ഥിരീകരിച്ചു. വാക്കർ കൊണ്ട് തലക്കടിച്ചാണ് മകൻ പിതാവിനെ കൊലപ്പെടുത്തിയത്.
സെബാസ്റ്റ്യന്റെ മകൻ സെബിൻ ക്രിസ്റ്റിനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് കട്ടിലിൽ നിന്നും മറിഞ്ഞു വീണാണ് മരിച്ചതെന്നായിരുന്നു ഇയാൾ ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ സെബാസ്റ്റ്യൻ നെറ്റിയിൽ ഉണ്ടായിരുന്ന ആഴത്തിലുള്ള മുറിവാണ് പോലീസിൽ സംശയം ജനിപ്പിച്ചത്. ഇതിനെ തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു.
പോസ്റ്റ്മോർട്ടത്തെ തുടർന്നാണ് തലയ്ക്ക് അടിയേറ്റാണ് സെബാസ്റ്റ്യൻ മരണപ്പെട്ടത് എന്ന് കണ്ടെത്തിയത്. നാലുവർഷത്തോളമായി കിടപ്പുരോഗി ആയിരുന്നു സെബാസ്റ്റ്യൻ. അദ്ദേഹത്തിന്റെ ഭാര്യ നേരത്തെ തന്നെ മരിച്ചിരുന്നു. കിടപ്പിലായ പിതാവിനെ പരിചരിച്ച് മടുത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിന് മൊഴി നൽകി. പ്രതി ലഹരിക്ക് അടിമയാണെന്നും പോലീസ് അറിയിച്ചു.








