ന്യൂഡൽഹി: മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ കൊലപാതക കേസില്‍ ശിക്ഷാവിധി ഇന്ന്. സാകേത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഇന്ന് ഉച്ചക്ക് 2.30നാണ് വിധി വരുക. 15 വര്‍ഷത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപനം. കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ 18ന് കോടതി വിധിച്ചിരുന്നു. പരമാവധി വധശിക്ഷയോ, ജീവപര്യന്തം തടവോ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
2008 സെപ്റ്റംബര്‍ 30 ന് പുലര്‍ച്ചെയാണ് വസന്ത്കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രക്കിടെ സൗമ്യ വിശ്വനാഥന്നെ വെടിവച്ച് കൊലപ്പെടുത്തിയത്. വീടിനു സമീപം നെല്‍സണ്‍ മണ്ടേല റോഡില്‍ വച്ചായിരുന്നു സംഭവം. മോഷണശ്രമത്തെ തുടര്‍ന്നു കൊല നടത്തിയെന്നായിരുന്നു കണ്ടെത്തൽ.
പ്രാഥമിക അന്വേഷണത്തിൽ അപകട മരണമാണ് എന്ന സംശയം ഉയർന്നെങ്കിലും പന്നീട്, വിദഗ്ധ പരിശോധനയ്‌ക്കൊടുവിൽ തലയ്‌ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരു മെറൂൺ കാർ സൗമ്യയുടെ കാറിനെ പിന്തുടരുന്നതായി കണ്ടെത്തി. പിന്നീട് കേസിൽ തുമ്പുണ്ടായില്ല. അതിന് ശേഷം 2009 മാർച്ച് 20 ന് കോൾ സെന്റർ എക്സിക്യുട്ടീവ് ജിഗിഷ ഘോഷ് കൊല്ലപ്പെട്ടു. ഈ കേസിലും അതേ മെറൂൺ കാറിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്നു. ഈ കേസിലെ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്.








