ഡെറാഡൂൺ: ഉത്തരകാശിയിൽ തകർന്ന തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുരക്കലിനിടെ ഇന്ന് രാവിലെ വീണ്ടും തകരാറായ ഓഗർ മെഷീൻ തുരങ്കത്തിന് പുറത്തെടുക്കും. ബാക്കി ഭാഗങ്ങൾ ഇനി മാനുവൽ ഡ്രില്ലംഗിലൂടെ പൂർത്തിയാക്കാനണ് ശ്രമിക്കുന്നത്. 6-9 മീറ്ററിലെ അവശിഷ്ടങ്ങൾ മാത്രമാണ് ഇനി നീക്കം ചെയ്യാനുള്ളത്. അതിനാലാണ് മാനുവൽ ഡ്രില്ലിംഗ് പരീക്ഷിക്കാനൊരുങ്ങുന്നത്.
‘ഒരുപാട് വഴികളുണ്ട്. ഈ വഴി മാത്രമല്ല ഉള്ളത്. ഓഗർ മെഷീൻ തകരാറിലായി. ഇനി ഈ യന്ത്രം ഉപയോഗിക്കാൻ കഴിയില്ല. ഇനി മറ്റൊരു ഓഗർ യന്ത്രം ഉപയോഗിച്ചും ഡ്രില്ലിംഗ് നടത്തില്ല’- ടണലിംഗ് വിദഗ്ധൻ അർനോൾഡ് ഡിക്സ് പറഞ്ഞു.
‘ഓഗർ മെഷീൻ ഇടക്കിടെ തകരാറിലാവുന്നത് രക്ഷാപ്രവർത്തനം വൈകിക്കുന്നുണ്ട്. ഓരോ തവണ യന്ത്രം തകരാറിലാവുമ്പോഴും 50 മീറ്ററുകളോളം പിന്നിലേക്ക് എടുത്ത് തകരാർ പരിഹരിച്ച് വേണം തിരികെ സ്ഥാപിക്കാൻ. ഇത് വീണ്ടും അഞ്ചോ ആറോ മണിക്കൂറുകൾ നീളുന്നു’- ദൗത്യ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇനി ബാക്കിയുള്ള പൈപ്പിടൽ മാനുവൽ ഡ്രില്ലംഗിലൂടെ പൂർത്തിയാക്കാനാണ് തീരുമാനം. ഇത്തരത്തിൽ തുരക്കുന്നതിനിടയിൽ എന്തെങ്കിലും തടസം നേരിട്ടാലും അത് സമയം വൈകിക്കാതെ പരിഹരിച്ച് മുന്നോട്ട് പോകാൻ രക്ഷാപ്രവർത്തകർക്ക് കഴിയുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.








