കണ്ണൂര്‍ :പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു. പുലിയെ മയക്കുവെടി വെയ്ക്കും. കിണറ്റിലെ വെള്ളം വറ്റിച്ച ശേഷമായിരിക്കും മയക്കുവെടി വെയ്ക്കുക. വയനാട്ടില്‍ നിന്ന് എത്തുന്ന വനം വകുപ്പ് സംഘമാകും ഇതിന് നേതൃത്വം കൊടുക്കുക എന്ന് ഡിഎഫ്ഒ പി. കാര്‍ത്തിക്ക് അറിയിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
കരയ്ക്ക് എത്തിച്ച് പുലിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാവും കാട്ടിലേക്ക് വിടണമോ എന്നു തീരുമാനിക്കുക. പെരിങ്ങത്തൂര്‍ സ്വദേശി സുനീഷിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന കിണറ്റിലാണ് പുലി വീണത്. ശബ്ദം കേട്ട് അയല്‍വാസികള്‍ കിണറില്‍ നോക്കിയപ്പോഴാണ് പുലി വെള്ളത്തില്‍ കിടക്കുന്നത് കണ്ടത്.
സമീപ പ്രദേശത്തൊന്നും വനമില്ലാത്തതിനാല്‍ അകലെയുള്ള കനകമലയില്‍ നിന്നും പുലി ഇറങ്ങി വന്നതാകാനാണ് സാധ്യതയെന്ന് വനംവകുപ്പ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.












