വൈക്കം; ലവ് ജിഹാദിന് ഇരയായി ഹാദിയയായി മതം മാറിയ വൈക്കം സ്വദേശിനി അഖിലയുടെ രണ്ടാം വിവാഹം തന്നെ അറിയിച്ചില്ലെന്ന് പിതാവ് അശോകൻ. ഫസ്റ്റ് റിപ്പോർട്ട് എന്ന ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അശോകൻ ഇക്കാര്യം ആവർത്തിച്ചത്. മകളുടെ വിവാഹം രഹസ്യമാക്കി നടത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അശോകൻ പറഞ്ഞു.
ആദ്യഭർത്താവ് ഷെഫിൻ ജഹാനുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു ഹാദിയ. പോപ്പുലർ ഫ്രണ്ടിന്റെ നിരീക്ഷണത്തിലായിരുന്ന മകളെ പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം ഒരു തവണ നേരിൽ കണ്ടതായി അശോകൻ പറയുന്നു. വിവാഹകാര്യം ആരും പറഞ്ഞില്ല. ഒരു മാദ്ധ്യമപ്രവർത്തകനാണ് ഇതേക്കുറിച്ച് പറഞ്ഞത്. അതിന് ശേഷവും
മകളോട് പലതവണ ഫോൺ വിളിക്കുമ്പോൾ ചോദിച്ചിരുന്നു, കൃത്യമായ മറുപടി നൽകിയില്ല. പക്ഷെ മൂന്നാഴ്ച മുൻപ് മകൾ ഇക്കാര്യം ഇങ്ങോട്ട് പറയുകയായിരുന്നു. കൂടുതൽ കാര്യങ്ങൾ പറഞ്ഞില്ല.
ആരാണ് വിവാഹം കഴിച്ചതെന്നും അറിയില്ല. തിരുവനന്തപുരം സ്വദേശിയാണെന്നും അവർ ഗോവയിലാണ് താമസമെന്നും പലരും പറയുന്നുണ്ടെന്നും അശോകൻ പറഞ്ഞു. ഒരിക്കൽ ഭർത്താവിന്റെ അമ്മയാണെന്ന് പറഞ്ഞ് ഒരാൾ സംസാരിച്ചു. മകൻ അങ്ങനെയാണ് ഇങ്ങനെയാണെന്നും തന്റെ ഭർത്താവ് ജിഎം ആണെന്നുമൊക്കെ പറഞ്ഞു. കേൾക്കാൻ താൽപര്യം ഇല്ലാത്തതുകൊണ്ട് കൂടുതൽ ചോദിച്ചില്ല.
അച്ചായി എന്തിനാണ് മാദ്ധ്യമങ്ങളോട് വിവാഹക്കാര്യം പറഞ്ഞതെന്ന് പറഞ്ഞ് പിന്നീട് മകൾ വഴക്കിട്ടു. പിന്നെ ഫോൺ എടുത്തിട്ടില്ല. ഷെഫിൻ ജഹാനുമായി വിവാഹമോചനം നേടിയ കാര്യവും തനികക്ക് അറിയില്ലെന്ന് അശോകൻ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഹാദിയ വീണ്ടും വിവാഹിതയായെന്നും പിതാവിനെയോ മറ്റ് ബന്ധുക്കളെയോ അറിയിക്കാതെ രഹസ്യമായിട്ടാണ് വിവാഹം നടത്തിയതെന്നുമുളള വാർത്തകൾ പുറത്തുവന്നത്. ലവ് ജിഹാദുമായി ബന്ധപ്പെട്ട് കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നാണ് അഖില അശോകന്റെ മതംമാറ്റം. പിതാവും മുൻ സൈനികനുമായ അശോകനും കുടുംബവും ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും പോപ്പുലർ ഫ്രണ്ടിന്റെ സഹായത്തോടെ അവരുടെ സമ്മർദ്ദത്തിന് വഴങ്ങി ഹാദിയ ഇതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായ ശേഷം ഷെഫിൻ ജഹാനൊപ്പം പോപ്പുലർ ഫ്രണ്ട് കേന്ദ്രത്തിലായിരുന്നു താമസം. സംഘടനയെ നിരോധിച്ച ശേഷം പോപ്പുലർ ഫ്രണ്ടിന്റെ വനിതാ നേതാവായിരുന്ന സൈനബയുടെ സംരക്ഷണയിലായിരുന്നു. അതുകൊണ്ടു തന്നെ മകൾ ഇപ്പോഴും പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടവരുടെ വലയത്തിലാണെന്നും അവരുടെ സമ്മർദ്ദത്തിന് വിധേയമായാണോ പുതിയ തീരുമാനങ്ങളെന്ന് സംശയിക്കുന്നുണ്ടെന്നും അശോകൻ പറയുന്നു.
അഖിലയെ മതംമാറ്റിയത് പ്രണയക്കെണിയിൽ കുടുക്കിയാണെന്നും ലവ് ജിഹാദ് ആണ് നടന്നതെന്നും കോടതിയെ കബളിപ്പിക്കാൻ തട്ടിക്കൂട്ട് വിവാഹം നടത്തി രേഖകൾ ഉണ്ടാക്കുകയായിരുന്നുവെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. ലവ് ജിഹാദല്ലെന്നും ഉദാത്ത പ്രണയമാണെന്നുമായിരുന്നു മതേതരൻമാരുടെയും പോപ്പുലർ ഫ്രണ്ട് പോലുളള തീവ്ര മതസംഘടനകളുടെയും വാദം. ഹാദിയയുടെ പുനർ വിവാഹവാർത്തകൾ പുറത്തുവന്നതോടെ മുൻപുയർന്ന ആരോപണങ്ങൾ ശരിയെന്ന് തോന്നുകയാണ്.
Discussion about this post