തിരുവനന്തപുരം: വിവാഹ സൽക്കാരത്തിനിടയിൽ ഗാനമേളയെച്ചൊല്ലി വേദിയിൽ കൂട്ടത്തല്ല്. പിടിച്ചുമാറ്റാൻ ചെന്ന നാട്ടുകാരെയും സംഘം ആക്രമിച്ചു. ബാലരാമപുരം പെരിങ്ങമ്മലയിലെ സിഎസ്ഐ പെരിങ്ങമ്മല സെൻ്റിനറി മെമ്മോറിയൽ ഹാളിൽ നടന്ന വിവാഹ സൽക്കാരത്തിനിടയിലാണ് വധുവിൻ്റെയും വരൻ്റെയും ബന്ധുക്കൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്.
വിവാഹ സൽക്കാരത്തിൻ്റെ ഭാഗമായി ഓഡിറ്റോറിയത്തിൽ ഗാനമേള നടന്നിരുന്നു. ഇതിന് ചുവടുവച്ച് ഒരു സംഘം ആളുകൾ ഡാൻസ് കളിച്ചു. ഇതിനെ ഒരു വിഭാഗം എതിർത്തു. ഇതോടെ വധുവിൻ്റെയും വരൻ്റെയും ഭാഗത്തുള്ളവർ ഓഡിറ്റോറിയത്തിന് മുന്നിൽ വെച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളും വഴിയാത്രക്കാരും ചേർന്ന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ നാട്ടുകാർക്ക് നേരെയും ആക്രമണമുണ്ടായി.
വിവരം അറിഞ്ഞ് പൊലീസ് എത്തുന്നതിനു മുമ്പ് തന്നെ അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല എന്നും പരാതി ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ബാലരാമപുരം പൊലീസ് പറഞ്ഞു.
Discussion about this post