ലക്നൗ: ഉത്തർപ്രദേശ് ഗാസിയാബാദിൽ 74 കാരനെ ഡീപ്ഫേക്ക് വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി 74,000 രൂപ തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വയോധികന്റെ മകൾ ഗാസിയാബാദ് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ് തട്ടിപ്പിനിരയായത്. 74 കാരന്റെ ഡീപ്ഫേക്ക് വീഡിയോ ഉണ്ടാക്കുകയും പണം നൽകിയില്ലെങ്കിൽ ഇതുപയോഗിച്ച് കള്ളക്കേസിൽ കുടുക്കുമെന്നുമായിരുന്നു ഭീഷണി. വീഡിയോ ഇന്റർനെറ്റിൽ ഇടുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായി പോലീസ് പറയുന്നു. ഭീഷണി ഭയന്ന് പ്രതികൾ ആവശ്യപ്പെട്ട തുക അവർ പറഞ്ഞ അക്കൗണ്ടിലേക്ക് വയോധികൻ അയച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ ഐടി ആക്ട് പ്രകാരം പ്രതികൾക്കെതിരെ ഗാസിയാബാദ് പോലീസ് കേസെടുത്തു. വീഡിയോ ഫോറൻസിക് പരിശോധനക്കും അയച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വന്നതിന് പിന്നാലെ നിരവധി കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ഡൽഹി പോലീസും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Discussion about this post