സരയൂ നദീതീരത്തെ രഘുവംശ സാമ്രാജ്യം അയോദ്ധ്യ നമുക്കെല്ലാവർക്കും പരിചിതമായിരിക്കും. എന്നാൽ ഇന്ത്യയിൽ മാത്രമല്ല അയോദ്ധ്യ ഉള്ളത്. തായ്‌ലന്റിലും ഉണ്ട് ഒരു അയോധ്യ. അയുത്തയ എന്നാണ് പ്രാദേശികമായി ഈ നാട് അറിയപ്പെടുന്നത്. ഭഗവാൻ ശ്രീരാമനുമായി ബന്ധപ്പെട്ട നിരവധി കഥകളും ഐതിഹ്യങ്ങളും ഇവിടെ കാണാൻ കഴിയും.
ഇവിടത്തെ രാജാക്കന്മാരുടെ സ്ഥാനപ്പേര് പോലും രാമ എന്നാണ്. രാജവംശത്തിൽ ജനിക്കുന്ന ഭാവി രാജാവ് ആകേണ്ട ആൺകുട്ടികളെ ശ്രീരാമന്റെ ആവതാരമായി ആണ് ഇവർ കണക്കാക്കുന്നത്. 14-ആം നൂറ്റാണ്ട് മുതൽ 18-ആം നൂറ്റാണ്ട് വരെ 400 വർഷക്കാലം തായ്‌ലൻഡിൽ അഭിവൃദ്ധി പ്രാപിച്ചിരുന്ന രാജവംശം ആയിരുന്നു അയുത്തയ. രാമതിബോഡി ഒന്നാമൻ സ്ഥാപിച്ച അയുത്തയ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായിരുന്നു.
നിലവിൽ ബുദ്ധമത വിശ്വാസമാണ് തായ്‌ലൻഡിൽ നിലനിൽക്കുന്നതെങ്കിലും രാമായണത്തിന്റെ വലിയ സാന്നിദ്ധ്യം ഇവിടെ കാണാൻ കഴിയും. അയുത്തയയിലെ രാജകൊട്ടാരത്തിന്റെ ചുവരുകളിൽ പോലും ഈ ഇതിഹാസ കാവ്യത്തിന്റെ വിവിധ ചിത്രീകരണങ്ങൾ കാണാവുന്നതാണ്. പതിനെട്ടാം നൂറ്റാണ്ടിൽ അയുത്തയ ബർമ്മക്കാർ കൈയേറുകയും വലിയ രീതിയിൽ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
പല പുരാതന നിർമ്മിതികളും ഈ പ്രദേശത്ത് നശിപ്പിക്കപ്പെട്ടിട്ടുണ്ട് എങ്കിലും അവശേഷിക്കുന്ന പലതും പുരാതന സ്മാരകങ്ങളായി സംരക്ഷിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. കടലുമായി ബന്ധിപ്പിക്കുന്ന മൂന്ന് നദികളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് അയുത്തയ സ്ഥിതി ചെയ്യുന്നത്. അയുത്തയയിൽ പല പുരാതന ക്ഷേത്രങ്ങളുടെയും അവശിഷ്ടഭാഗങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ ഇന്ന് യുനെസ്കോയുടെ ഒരു ലോക പൈതൃക പ്രദേശമാണ് അയുത്തയ.
Discussion about this post