റായ്പുർ : വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ഇന്ന് ഇന്ത്യ ഓസ്ട്രേലിയ ടി20 മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഛത്തീസ്ഗഡിലെ റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം തുടങ്ങുന്നതിനു ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്.
3.16 കോടി രൂപയാണ് ഈ സ്റ്റേഡിയം വൈദ്യുതി ബില്ലിൽ കുടിശിക വരുത്തിയിട്ടുള്ളത്. ഇതോടെയാണ് ഉദ്യോഗസ്ഥർ സ്റ്റേഡിയത്തിന്റെ വൈദ്യുതിബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചത്. ഛത്തീസ്ഗഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിൽ ഉള്ളതാണ് ഈ സ്റ്റേഡിയം. 2009 മുതലുള്ള വൈദ്യുതി ബിൽ കുടിശികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനുശേഷം അതിന്റെ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പിന് (പിഡബ്ല്യുഡി) കൈമാറിയിരുന്നു. ബാക്കി ചെലവ് കായിക വകുപ്പാണ് വഹിക്കേണ്ടത്. വൈദ്യുതി ബില്ലിന്റെ പേരിൽ ഇരു വകുപ്പുകളും പരസ്പരം പഴിചാരുകയാണ്. കുടിശ്ശിക തീർക്കുന്നതിനായി വൈദ്യുതി കമ്പനി പിഡബ്ല്യുഡിക്കും കായിക വകുപ്പിനും നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും ഇതുവരെ പണം നൽകിയിട്ടില്ല.
ഛത്തീസ്ഗഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം ഇന്നത്തെ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് ഒരു താൽക്കാലിക കണക്ഷൻ സ്ഥാപിച്ചിട്ടുണ്ട്. കാണികളുടെ ഗാലറിയും ബോക്സുകളും മാത്രം ഉൾക്കൊള്ളുന്നതാണ് ഈ കണക്ഷൻ. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിലെ ഫ്ലഡ്‌ലൈറ്റുകൾ പോലും ജനറേറ്റർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ട അവസ്ഥയാണുള്ളത്.
Discussion about this post