ലക്‌നൗ: ഹിന്ദുത്വത്തിന്റെ പാതയിൽ യുപി സ്വദേശിയുടെ കൈപിടിച്ച് ഡച്ച് യുവതി. ഫത്തേപൂർ സ്വദേശിയായ ഹാർദിക്‌വർമയാണ് വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം നെതർലാൻഡ്‌സ് സ്വദേശിനിയായ ഗബ്രിയേൽ ദൂഡയെ വിവാഹം ചെയ്തത്. ഹിന്ദു ആചാര പ്രകാരം ഫത്തേപ്പൂരിൽവച്ചായിരുന്നു വിവാഹം.
ജോലിയുടെ ഭാഗമായി നെതർലാൻഡ്‌സിൽ ആയിരുന്നു ഹാർദിക്. അവിടെവച്ചാണ് ഗബ്രിയേലുമായി പരിചയത്തിൽ ആകുന്നതും അടുക്കുന്നതും. ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ സൂപ്പർവൈസർ ആണ് ഹാർദിക്. ജോലിയുടെ ഭാഗമായുള്ള ആവശ്യവുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച. പിന്നീട് ഇത് സൗഹൃദവും പ്രണയവുമായി. മൂന്ന് വർഷം ഒന്നിച്ച് ജീവിച്ച ശേഷമാണ് വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചത്.
പരസ്പരം പിരിയാനാകില്ലെന്ന് ഉറപ്പായതോടെ ഹാർദിക് വിവരം വീട്ടിൽ പറഞ്ഞു. വീട്ടുകാർ പച്ചക്കൊടി കാണിച്ചതോടെ കഴിഞ്ഞ ആഴ്ച ഗബ്രിയേലും ബന്ധുക്കളുമായി ഹാർദിക് നാട്ടിൽ തിരികെയെത്തി. തുടർന്ന് കഴിഞ്ഞ ദിവസം വിവാഹിതരാകുകയായിരുന്നു.
ഹാർദികിന്റെ തറവാട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ. ഗബ്രിയേലിന്റെ കൂടി അനുവാദത്തോടെയായിരുന്നു ഹിന്ദു ആചാരപ്രകാരം താലികെട്ടിയത്. യുവാവിൽ നിന്നും ഹിന്ദു മതത്തിന്റെ മേന്മകളെക്കുറിച്ച് ഗബ്രിയേൽ ചോദിച്ചറിഞ്ഞിട്ടുണ്ട്. വിരുന്നുൾപ്പെടെ കഴിഞ്ഞ് ഈ മാസം 25 ന് ദമ്പതികൾ തിരികെ നെതർലാൻഡ്‌സിലേക്ക് മടങ്ങും.












