ന്യൂഡൽഹി : നാവികസേന ഉദ്യോഗസ്ഥർ തോളിൽ ധരിക്കുന്ന
എപ്പൗലെറ്റുകളിൽ ഛത്രപതി ശിവാജി മഹാരാജിന്റെ സമുദ്ര പാരമ്പര്യത്തിന്റെ മുദ്ര പതിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ അടിമത്തത്തിന്റെ മാനസികാവസ്ഥ ഉപേക്ഷിച്ചുവെന്നും മോദി സൂചിപ്പിച്ചു. മറാത്ത ഭരണാധികാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി നാവികസേന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സിന്ധുദുർഗ് ജില്ലയിൽ നടന്ന ‘നാവിക ദിനം 2023’ ആഘോഷ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നിലവിൽ നാവികസേന ഉദ്യോഗസ്ഥർ ധരിക്കുന്ന എപ്പൗലെറ്റുകളിൽ കൊളോണിയൽ പാരമ്പര്യമായ നെൽസൺസ് റിംഗ് ആണ് ഉള്ളത്. നാവികസേന പതാകയിൽ പരിഷ്കാരം വരുത്തിയത് പോലെ ഇനിയും നിരവധി ഘടകങ്ങളിൽ പരിഷ്കരണങ്ങൾ ഉണ്ടാകും എന്നും മോദി സൂചിപ്പിച്ചു.
നാവിക റാങ്കുകളുടെ വരാനിരിക്കുന്ന നാമകരണവും ഭാരതീയ പാരമ്പര്യങ്ങൾക്ക് അനുസൃതമായിരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 1971-ലെ പാകിസ്താനുമായുള്ള യുദ്ധത്തിൽ കറാച്ചി തുറമുഖത്ത് നാവികസേന നടത്തിയ ആക്രമണത്തിന്റെ സ്മരണാർത്ഥം ഇന്ത്യ ഡിസംബർ 4 നാവിക ദിനമായി ആചരിക്കുന്നു. പതിനേഴാം നൂറ്റാണ്ടിൽ മറാഠ ഭരണാധികാരി നിർമിച്ച സിന്ധുദുർഗ് കോട്ടയിലാണ് ഈ വർഷത്തെ നാവികസേനാ ദിനാഘോഷം നടന്നത്.
കഴിഞ്ഞ വർഷം ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതിനിടെ ആണ് നാവികസേനയുടെ പരിഷ്കരിച്ച പുതിയ പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. നേരത്തെ സെന്റ് ജോർജ്ജ് കുരിശ് ഉണ്ടായിരുന്ന പതാകയിൽ ഇപ്പോൾ ശിവജിയുടെ മുദ്രയാണ് ഉള്ളത്.
Discussion about this post