ന്യൂഡൽഹി : യുനെസ്കോയുടെ സാംസ്കാരിക പൈതൃക കലാരൂപങ്ങളിൽ സ്ഥാനം പിടിച്ച് ഗുജറാത്തിന്റെ പരമ്പരാഗത നൃത്തരൂപമായ ഗർബ നൃത്തം. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ആണ് ഗർബ നൃത്തത്തിന് യുനെസ്കോ അംഗീകരം ലഭിച്ചതായി അറിയിച്ചത്. യുനെസ്കോയുടെ ഈ തീരുമാനം ഇന്ത്യൻ സംസ്കാരത്തിന്റെ മനോഹാരിത വെളിപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
നവരാത്രി ആഘോഷവേളയിൽ ഗുജറാത്തിലുടനീളവും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആഘോഷിക്കുന്ന ഒരു കലാരൂപമാണ് ഗർബ നൃത്തം. ലോകമെമ്പാടുമുള്ള ഗുജറാത്തികൾക്ക് ഇത് പ്രത്യേക അഭിമാനത്തിന്റെ നിമിഷം ആണെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ പൈതൃകങ്ങളെ ലോകത്തിനു മുമ്പിൽ വെളിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ പങ്കാണ് വഹിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
ബോട്സ്വാനയിലെ കസാനെയിൽ ആരംഭിച്ച അദൃശ്യ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള ഇന്റർഗവൺമെന്റൽ കമ്മിറ്റിയുടെ 18-ാമത് യോഗത്തിലാണ് ഇന്ത്യൻ കലാരൂപമായ ഗർബ നൃത്തത്തെ യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തിയത്. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന “ആചാരപരവും ഭക്തിനിർഭരവുമായ നൃത്തമാണ് ഗർബ. ഇത് സ്ത്രീശക്തിയുടെ രൂപമായ ‘ശക്തി’യുടെ ആരാധനയ്ക്കായി സമർപ്പിച്ചിരിക്കുന്നു” എന്ന് യുനെസ്കോ ഔദ്യോഗിക വെബ്സൈറ്റിൽ കുറിച്ചു.
Leave a Comment