തിരുവനന്തപുരം: യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് ഡോ. റുവൈസിനെതിരെ കേസ്. ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടെന്ന ഷഹനയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.
റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസ് എടുത്തത്. പരാതിയ്ക്ക് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ റുവൈസ് സ്ത്രീധനം ആവശ്യപ്പെട്ടതിന് പോലീസിന് തെളിവുകൾ ലഭിച്ചിരുന്നു. ഇതേ തുടർന്ന് ആയിരുന്നു കേസ് എടുത്തത്. നേരത്തെ റുവൈസിനെതിരെ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസും നടപടി സ്വീകരിക്കുന്നത്.
റുവൈസുമൊത്ത് ഷഹാനയുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ ഇയാളും കുടുംബവും ഉയർന്ന സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നൽകാൻ കുടുംബത്തിന് കഴിഞ്ഞില്ല. ഇതോടെ റുവൈസ് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ പിജി അസോസിയേഷൻ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് റുവൈസിനെ നീക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം പിജി വിദ്യാർത്ഥിയാണ് റുവൈസ്.












