തിരുവനന്തപുരം: ശ്രീനഗര്‍-ലേ ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ നാല് പേരുടെയും മൃതദേഹങ്ങൾ വിമാനമാര്‍ഗം ഇന്ന് കൊച്ചിയിലെത്തിക്കും. വൈകീട്ട് ആറ് മണിയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനായി മൂന്ന് നോർക്ക ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്ക് തിരിച്ചിരുന്നു. മൃതദേഹങ്ങൾ മുംബൈ വഴി കൊച്ചിയിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് ശേഷം, മൃതദേഹങ്ങള്‍ പാലക്കാട്ടേക്ക് കൊണ്ടുപോകും. നടപടികള്‍ ശ്രീനഗറില്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെവി തോമസ് അറിയിച്ചു.
പരിക്കേറ്റ് ചികിത്സയിലുള്ളവരേയും ഇതേ വിമാനത്തില്‍ കൊച്ചിയിലെത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. എന്നാല്‍, ഗുരുതരമായി പരിക്കേറ്റ മനോജ് ശ്രീനഗറില്‍ തന്നെ ചികിത്സയില്‍ തുടരുമെന്ന് അധികുതർ അറിയിച്ചു. ആരോഗ്യനിലിയില്‍ പുരോഗതി ഉണ്ടായതിനുശേഷം മനോജിനെ നാട്ടിലെത്തിക്കും. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടവും എംമ്പാം നടപടികളും ബുധനാഴ്ച തന്നെ പൂര്‍ത്തിയായിരുന്നു.
ചൊവ്വാഴ്ച നിമാത സോജിലാ പാസില്‍നിന്ന് സോന്‍മാര്‍ഗ് ശ്രീനഗറിലേക്ക് വരുന്നതിനിടയില്‍ മോര്‍ഹ് എന്ന പ്രദേശത്ത് വച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം റോഡിലെ മഞ്ഞില്‍ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു. ചിറ്റൂര്‍ ജെ.ടി.എസിനു സമീപം നെടുങ്ങോട് സുന്ദരന്റെ മകന്‍ എസ് സുധീഷ് (32), രാജേന്ദ്രന്റെ മകന്‍ ആര്‍ അനില്‍ (33), കൃഷ്ണന്റെ മകന്‍ രാഹുല്‍ (28), ശിവന്റെ മകന്‍ എസ് വിഗ്നേഷ് (24), ഡ്രൈവര്‍ കശ്മീരിലെ സത്രീന കന്‍ഗന്‍ സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്. ചിറ്റൂര്‍ സ്വദേശികളായ മഹാദേവന്റെ മകന്‍ മനോജ് (24), കൃഷ്ണന്റെ മകന്‍ കെ. രാജേഷ് (30), കറുപ്പുസ്വാമിയുടെ മകന്‍ കെ അരുണ്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Discussion about this post