ഭോപ്പാൽ : നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞ ചില വാക്കുകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു കോൺഗ്രസ് എംഎൽഎക്ക്. മധ്യപ്രദേശിൽ ബിജെപി 50 സീറ്റുകൾ എങ്കിലും നേടിയാൽ സ്വന്തം മുഖത്ത് കരിപുരട്ടി നടക്കുമെന്നാണ് കോൺഗ്രസ് എംഎൽഎ ഫൂൽ സിംഗ് ബരയ്യ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാതുവെപ്പ് നടത്തിയിരുന്നത്.
എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 50 സീറ്റുകൾ പോലും നേടില്ലെന്ന് അദ്ദേഹം പറഞ്ഞ ബിജെപി നേടിയത് 163 സീറ്റുകളായിരുന്നു. ഇതോടെയാണ് തിരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി പ്രസ്താവിച്ച കരിപുരട്ടൽ പ്രസ്താവന ഫൂൽ സിംഗ് ബരയ്യക്ക് പണിയായത്. പക്ഷേ ഒടുവിൽ അദ്ദേഹം തന്റെ വാക്ക് പാലിക്കുക തന്നെ ചെയ്തു.
ഭോപ്പാലിലെ രാജ്ഭവന് മുൻപിൽ വച്ചായിരുന്നു കോൺഗ്രസ് എംഎൽഎ പരസ്യമായി മുഖത്ത് കരിപുരട്ടൽ നടത്തിയത്. പാർട്ടി നേതാവ് ദിഗ്വിജയ സിംഗ് ആണ് ബരയ്യക്ക് മുഖത്ത് കരിപുരട്ടി കൊടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ന്യായമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിൽ ബിജെപിക്ക് 50 സീറ്റുകൾ പോലും നേടാൻ കഴിയില്ലെന്ന് മുഖത്ത് കരിപുരട്ടിയ ശേഷം ഫൂൽ സിംഗ് ബരയ്യ അഭിപ്രായപ്പെട്ടു.








