ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മറ്റി റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ സമർപ്പിക്കും. കോഴ വാങ്ങിയ സംഭവത്തിൽ അടിസ്ഥാനത്തിൽ മഹുവയെ പാർലിമെന്റിൽ നിന്ന് നീക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്.
ബിജെപി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ എംപിമാർക്ക് ഇന്ന് സഭയിൽ ഹാജരാകാനുള്ള വിപ്പ് നൽകിയിട്ടുണ്ട്. പാർലമെന്ററി ലോഗിൻ വിവരങ്ങൾ വ്യവസായി ദർശൻ ഹീരാനന്ദാനിക്ക് കൈമാറിയിട്ടുണ്ടെന്ന് സമ്മതിച്ച മഹുവാ മൊയ്ത്ര എന്നാൽ ചോദ്യം ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ചിരുന്നു.
അവസാനമായി മഹുവ മൊയ്ത്രയെ കുരുക്കി ഐടി മന്ത്രാലയത്തിന്റെ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. മഹുവ കൊൽക്കത്തയിലായിരുന്ന സമയത്ത് വിവിധ സ്ഥലങ്ങിൽ ഇരുന്ന് നാലിൽ അധികം തവണ ലോഗിൻ ചെയ്തുവെന്നാണ് പുതിയ കണ്ടെത്തൽ. ദുബായ്ക്കു പുറമെ മറ്റു രാജ്യങ്ങളിൽ ഇരുന്നും ലോഗിൻ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
എംപി കൊൽക്കത്തയിൽ ഉണ്ടായിരുന്ന സമയത്ത് യുഎസിലെ ന്യൂജഴ്സി, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങിൽനിന്ന് പാർലമെന്റ് അക്കൗണ്ടിൽ ലോഗിൻ ചെയ്തതായി ഐടി മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.








