ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കി. മഹുവയ്‌ക്കെതിരായ എത്തിക്‌സ് കമ്മറ്റി റിപ്പോർട്ട് ലോക്‌സഭയിൽ ചർച്ചയ്ക്കു വച്ച ശേഷമായിരുന്നു പുറത്താക്കൽ. റിപ്പോർട്ട് പരിഗണിക്കാനുള്ള പ്രമേയം പാർലമെന്ററികാര്യ മന്ത്രിയാണ് അവതരിപ്പിച്ചു.വോട്ടെടുപ്പിൽ പങ്കെടുക്കാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ ഉച്ചക്ക് രണ്ടുവരെ നിർത്തിവച്ചിരുന്നു.അംഗങ്ങളെല്ലാം സഭയിൽ ഹാജരാകണമെന്നു ബിജെപിയും കോൺഗ്രസും വിപ്പ് നൽകിയിയിരുന്നു.
അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയിൽനിന്നു കോഴ സ്വീകരിച്ചെന്നും ചോദ്യങ്ങൾ നൽകാനുള്ള പാർലമെന്റ് അംഗങ്ങളുടെ മെംബേഴ്‌സ് പോർട്ടലിന്റെ ലോഗിൻ ഐഡിയും പാസ്‌വേഡും ഹിരാനന്ദാനിക്കു കൈമാറിയെന്നതുമാണു വിവാദം. ലോക്‌സഭയിൽ മഹുവ ചോദിച്ച 61 ചോദ്യങ്ങളിൽ 51 എണ്ണവും വ്യവസായിയുടെ താൽപര്യങ്ങൾ പ്രകാരമാണെന്നും ഇതിനായി പണം വാങ്ങിയെന്നുമാണ് ആരോപണം.








