കോഴിക്കോട്: പരിശോധനയുടെ പേരിൽ വാഹനം തടഞ്ഞതിനെ തുടർന്ന് പിഎസ്‌സി പരീക്ഷയെഴുതാൻ കഴിഞ്ഞില്ലെന്ന യുവാവിന്റെ പരാതിയിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സിവിൽ പോലീസ് ഓഫീസറായ രഞ്ജിത് പ്രസാദിനെതിരെയാണ് നടപടി.
രഞ്ജിത് പ്രസാദിനെ സസ്‌പെന്റ് ചെയ്ത് വാക്കാൽ അന്വേഷണത്തിന് ഉത്തരവിട്ടതായി കോഴിക്കോട് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജില്ലയിലെ പോലീസ് ഉദ്യോസ്ഥർക്ക് ആവശ്യമായ നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിംഗ് ചെയർപേഴ്സൺ കെ. ബൈജുനാഥ് സിറ്റി കമ്മീഷണർക്ക് നിർദ്ദേശം നൽകി. അതേസമയം, കേസുമായി മുന്നോട്ടു പോകാൻ താൽപ്പര്യമില്ലെന്ന് യുവാവ് കമ്മീഷനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കിയതായും കമ്മീഷൻ അറിയിച്ചു.
2022 ഒക്ടോബർ 22ന് ഉച്ചയോടെയായിരുന്നു സംഭവം. രാമനാട്ടുകരയിൽ നിന്നും മീഞ്ചന്ത സ്‌കൂളിലേയ്ക്ക് ഇരുചക്ര വാഹനത്തിൽ പോകുമ്പോഴായിരുന്നു. ടികെ അരുൺ എന്ന യുവാവിനെ പോലീസ് തടഞ്ഞത്. 1.30ന് പരീക്ഷയ്ക്ക് എത്തണമെന്ന് പറഞ്ഞെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ ബൈക്കിന്റെ താക്കോൽ ഊരി വാങ്ങുകയായിരുന്നു.1.30 ഓടെ യുവാവിനെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. പിന്നീട് സ്റ്റേഷനിലുണ്ടായിരുന്ന എസ്ഐ ഹനീഫ് ആണ് അരുണിനെ പോലീസ് വാഹനത്തിൽ സ്‌കൂളിൽ എത്തിച്ചത്. എന്നാൽ, സമയം കഴിഞ്ഞതിനാൽ ബിരുദതല പരീക്ഷ എഴുതാൻ അധികൃതർ അനുവദിച്ചില്ല. സംഭവം വാർത്തയായതോടെ, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.








