ലക്‌നൗ : അയോദ്ധ്യയിൽ ഇപ്പോൾ ഭക്തർ ദർശനം നടത്തുന്ന താൽക്കാലിക രാംലല്ല ക്ഷേത്രത്തിൽ ജനുവരി 20 വരെ മാത്രമായിരിക്കും ദർശനം അനുവദിക്കുക. രാംലല്ലയെ പുതുതായി നിർമ്മിച്ച ക്ഷേത്രത്തിലേക്ക് കുടിയിരുത്തുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്നതിന്റെ ഭാഗമായാണ് പഴയ ക്ഷേത്രത്തിലെ ദർശനം ജനുവരി 20 വരെ മാത്രമാക്കി നിജപ്പെടുത്തിയത്.
ശ്രീരാമമന്ദിരം നിർമാണ സമിതിയുടെ ദ്വിദിന യോഗത്തിന്റെ ആദ്യദിവസമായ ഇന്ന് രാമജന്മഭൂമി സമുച്ചയത്തിലെ ക്ഷേത്രമുൾപ്പെടെ നിർമാണത്തിലിരിക്കുന്ന പത്ത് പദ്ധതികൾ സമിതി അവലോകനം ചെയ്തു. ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പുതിയ ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ചു. ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന സന്നിധാനത്തെ ശ്രീകോവിലിന്റെ നിർമ്മാണം 95 ശതമാനവും പൂർത്തിയായതായി രാമക്ഷേത്രം ട്രസ്റ്റി ഡോ.അനിൽ മിശ്ര അറിയിച്ചു.
“ക്ഷേത്രത്തിലെ സിംഗ്ദ്വാറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. ഗേറ്റിലെ എല്ലാ പ്രതിമകളും നിർമ്മിക്കപ്പെട്ടു കഴിഞ്ഞു . എല്ലാ പവലിയനുകളുടെയും ഫ്ലോറിംഗ് ജോലികളും പൂർത്തിയായി. ഗൃഹമണ്ഡപത്തിൽ ചില ജോലികൾ മാത്രമാണ് അവശേഷിക്കുന്നത് . ഇനി ക്ഷേത്രത്തിലെ തൂണുകളെല്ലാം വൃത്തിയാക്കും. തറ പോളിഷ് ചെയ്യും. വൈദ്യുത ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജോലിയും ഏതാണ്ട് പൂർത്തിയായി” എന്ന് ക്ഷേത്രം ട്രസ്റ്റി വ്യക്തമാക്കി.
Discussion about this post