ന്യൂഡൽഹി: രാജ്യസഭാ എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. കോൺഗ്രസും അഴിമതിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് അദ്ദേഹം വിമർശിച്ചു. ധീരജ് സാഹുവുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിൽ നടന്ന ഐടി റെയ്ഡിൽ പണം കണ്ടെടുത്തിരുന്നു. ഇതിനെതിരെ നദ്ദയുടെ നേതൃത്വത്തിൽ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ബിജെപി പ്രതിഷേധം നടത്തി.
‘അഴിമതിക്കും കുറ്റകൃത്യങ്ങൾക്കും പേരുകേട്ടതായി കോൺഗ്രസ് മാറി. ഇത് തന്നെയാണ് ഇപ്പോൾ കോൺഗ്രസിന്റെ നയവും. കോൺഗ്രസ് എംപി ധീരജ് സാഹുവിന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. എംപിയുടെ അലമാര നിറയെ ഇപ്പോൾ കള്ളപ്പണമാണ്. ഇതിന്റെ കണക്കെടുപ്പ് ഇപ്പോഴും തുടരുകയാണ്. ഇത് എവിടെ അവസാനിക്കുമെന്ന് അറിയില്ല. ഇത് മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണ്’- ജെപി നദ്ദ പറഞ്ഞു.
അഴിമതിയിൽ മുങ്ങിയ പാർട്ടിയാണ് കോൺഗ്രസ്. അവർ എപ്പോഴും ഇഡിയെയും ഐടിയെയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. ഇതിനെക്കുറിച്ച് രാഹുൽ ഗാന്ധി എന്താണ് ഒന്നും പറയാത്തത്? സോണിയാ ഗാന്ധി എപ്പോഴും കേന്ദ്ര ഏജൻസികളെ ചോദ്യം ചെയ്യാറുണ്ടല്ലോ. ഇപ്പോൾ അവർക്ക് എന്താണ് പറയാനുള്ളതെന്നാണ് ജനത്തിന് അറിയേണ്ടത്. ഒരു അഴിമതിക്കരനെപ്പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമായി പറഞ്ഞിട്ടുണ്ട്. പാവങ്ങളുടെ പണം കൊള്ളയടിച്ചതിന് കോൺഗ്രസ് ഉത്തരം പറയണം. ബിജെപി ഇവരെയെല്ലാം പൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
340 കോടി രൂപയാണ് ധീരജ് സാഹുവിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്. എങ്ങനെയാണ് ഇത്രയധികം പണം ലഭിച്ചത്. ധീരജ് സാഹു ഒരു ബിസിനസുകാരനാണെന്നാണ് കോൺഗ്രസിന്റെ വാദം. എന്നാൽ, ഏത് വ്യവസായിയാണ് ഇത്രയധികം പണം വീട്ടിൽ സൂക്ഷിക്കുക? ഈ പണം കോൺഗ്രസിന്റെ എടിഎം ആണ്. അതുകൊണ്ടാണ് കോൺഗ്രസ് എംപിയെ പുറത്താക്കാത്തത് എന്നും രാജ്യസഭാ എംപി പ്രകാശ് ജാവ്‌ദേക്കർ കുറ്റപ്പെടുത്തി. ജനങ്ങൾക്ക് ഇതെല്ലാം അറിയാം. അവർ കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.








