അമൃത്സര്‍: പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ താവളത്തിനുനേരെ ഭീകരാക്രമണം. ആറു മണിക്കൂറിലധികം നീണ്ടുനിന്ന വെടിവയ്പ്പില്‍ നാലു ഭീകരരെ വധിച്ചു. രണ്ടു വ്യോമസേന ഉദ്യോഗസ്ഥര്‍ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ ഒരു ടാക്‌സി ഡ്രൈവറും കൊല്ലപ്പെട്ടു.
പുലര്‍ച്ചെ മൂന്നോടെ നാല് ഭീകരര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. എസ്പിയുടെ ഔദ്യോഗിക വാഹനം തട്ടിയെടുത്ത് സൈനിക വേഷത്തിലാണ് ഭീകരര്‍ വ്യോമസേനാ കേന്ദ്രത്തില്‍ പ്രവേശിച്ചത്. പുതുവര്‍ഷത്തില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
മിഗ് 29 വിമാനങ്ങളും ഹെലിക്കോപ്റ്ററുകളുമുള്ള കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. വിമാനങ്ങള്‍ സൂക്ഷിച്ച സാങ്കേതിക മേഖല സുരക്ഷിതമാണെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായും അവര്‍ വ്യക്തമാക്കി.
ഭീകരരെ നേരിടാന്‍ എന്‍എസ്ജിയുടെ സഹായം തേടി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. എയര്‍ബേസിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ അടച്ച ശേഷം ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രാദേശിക ബ്രിഗേഡ് കമാന്‍ഡറുടെ നേതൃത്വത്തില്‍ സൈന്യമാണ് തിരച്ചില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പഞ്ചാബിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറുമാസങ്ങള്‍ക്കിടയില്‍ പഞ്ചാബില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമാണിത്. ഗുര്‍ദാസ്പൂരില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post