കോട്ടയം: ഇന്ത്യൻ എക്സ്പ്രസിന്റെ യൂ ട്യൂബ് ചാനലിന് നൽകിയ വിവാദ അഭിമുഖത്തിൽ സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിൽ നിന്ന് വിശദീകരണം തേടി മന്ത്രി സജി ചെറിയാന്‍. സംഭവത്തിൽ, നേരിട്ട് മന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ രഞ്ജിത്തിനോട് നിർദേശിച്ചിട്ടുണ്ട്.
അഭിമുഖത്തിൽ വ്യക്തിപരമായ പരാമർശങ്ങൾ രഞ്ജിത്ത് ഒഴിവാക്കേണ്ടതായിരുന്നെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇതിന് മുൻപ് സംവിധായകൻ ഡോ. ബിജു ഉന്നയിച്ച പ്രശ്നങ്ങളിൽ താൻ ഇടപെട്ടിരുന്നതാണെന്നും വീണ്ടും ഇതിൽ സംസാരങ്ങൾ വേണ്ടിയിരുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
രഞ്ജിത്തുമായുള്ള തർക്കത്തെ തുടർന്ന് ഡോ. ബിജു ഇന്നലെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്ന് രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനോട് വിശദീകരണം ആവശ്യപ്പെട്ടത്. ഒരു സംവിധായകനെന്ന നിലയിൽ തന്റെ റെലവൻസ് എന്താണെന്ന് ബിജു മനസിലാക്കണം എന്നായിരുന്നു അഭിമുഖത്തിനിടയിൽ രഞ്ജിത്ത് പറഞ്ഞത്. എന്നാൽ, ഇതിന് മറുപടിയായി തുറന്ന കത്തുമായി ഡോ. ബിജുവും രംഗത്ത് വന്നിരുന്നു. ഒരു അന്താരാഷ്ട്ര ചലചിത്ര മേളയുടെ ചെയർമാൻ ആയിരിക്കാനുള്ള യോഗ്യതയോ റെലവെൻസോ തനിക്കുണ്ടോ എന്ന് സ്വയം മനസിലാക്കണം എന്നായിരുന്നു ഡോ. ബിജു ഇതിന് മറുപടി നൽകിയത്.
നടൻ ഭീമൻ രഘുവിനെതിരായ രഞ്ജിത്തിന്റെ കോമാളിയെന്ന പരാമർശവും നിരവധി വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഭീമൻ രഘുവും ഇതിനെതിരെ രഞ്ജിത്തിന് താക്കീതുമായി രംഗത്ത് വന്നിരുന്നു.







