തിരുവനന്തപുരം: ചലചിത്ര അക്കാദമിയിൽ പോര് മുറുകുന്നു. അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പരസ്യ പ്രതിഷേധവുമായി ചലചിത്ര അക്കാദമി അംഗങ്ങൾ രംഗത്ത്. വിഷയവുമായി ബന്ധപ്പെട്ട് രഞ്ജിത്ത് നിരവധി പ്രതികരണങ്ങൾ നടത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് അക്കാദമി അംഗങ്ങൾ പ്രതികരണവുമായി എത്തിയിരിക്കുന്നത്. രഞ്ജിത്തിനെതിരെ കഴിഞ്ഞ ദിവസം സമാന്തര യോഗം ചേർന്ന എൻ. അരുൺ, മനോജ് കാന എന്നിവരടക്കമുള്ള അംഗങ്ങളാണ് പരസ്യ പ്രതികരണം നടത്തിയത്.
കലയെ വളർത്തുക എന്നതാണ് ചലചിത്ര അക്കാദമിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്ന്. എന്നാൽ, ചെയർമാൻ സ്ഥാനത്തിരുന്നു കൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുകയാണ് രഞ്ജിത്ത് ചെയ്യുന്നത്. ഇത്രയും മനോഹരമായി നടക്കുന്ന മേളയിലെ ഏക കല്ലുകടി ചെയർമാന്റെ വിവരക്കേട് നിറഞ്ഞ പരാമർശങ്ങൾ മാത്രമാണ്. ആർട്ടിസ്റ്റുകളെ വളരെ മോശമായി ചിത്രീകരിക്കുന്ന സമീപനമാണ് ചെയർമാന്റേത്. ഇതൊന്നും അംഗീകരിക്കാൻ കഴിയില്ലെന്നും അംഗങ്ങൾ പറഞ്ഞു.
ആരേയും അറിയിച്ചിട്ടല്ല യോഗം വിളിച്ചത്. അവിടെ ഉണ്ടായിരുന്നവർ കൂടി ചേർന്ന് ഒരു തീരുമാനം എടുത്ത് സർക്കാരിനെ അറിയിക്കുകയായിരുന്നു. രഞ്ജിത്ത് പറയുന്നത് ശുദ്ധ കള്ളത്തരമാണ്. ധിക്കാരപൂർവമുള്ള ഏകാധിപത്യമാണ് ചെയ്യുന്നത്. ധിക്കാരവും കള്ളത്തരവും അക്കാദമിക്ക് ചേർന്നതല്ലെന്നും അംഗങ്ങൾ വ്യക്തമാക്കി.
രഞ്ജിത്ത് വാർത്താ സമ്മേളനം വിളിച്ചപ്പോൾ ആരെയും അറിയിച്ചില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. ‘ഒരു കൗൺസിലിലേക്ക് ആളെ എടുക്കുന്നത് സംബന്ധിച്ച് ഒറ്റക്കല്ല തീരുമാനം എടുക്കേണ്ടത്. ചലചിത്ര മേളയിൽ ഓരോരുത്തർക്കും കൊടുത്തിട്ടുള്ള ചുമതലകൾ ഒരോരുത്തരും കൃത്യമായി ചെയ്യുന്നുണ്ട്. ഇതിനിടയിൽ കുക്കു പരമേശ്വരൻ എന്ന അംഗത്തിന് ഒരു പ്രശ്നം നേരിട്ടു. അറിയിക്കേണ്ട സ്ഥലത്ത് അത് അറിയിച്ചിട്ടുമുണ്ട്. എന്നാൽ, ഏകാധിപതിയെ പോലെ വന്നാണ് രഞ്ജിത്ത് നിങ്ങളുടെ സേവനം ആവശ്യമില്ലെന്ന് പറയുന്നത്. ഇത് പറയാൻ രഞ്ജിത്തിന്റെ വേലക്കാരല്ല ആരും. ഇത് വരിക്കാശേരി മനയല്ല, ചലചിത്ര അക്കാദമിയാണ്. മാടമ്പിത്തരം ഇവിടെ നടക്കില്ല. ചെയർമാനെപ്പോലെ എല്ലാവരെയും സർക്കാർ നോമിനേറ്റ് ചെയ്തതാണ്’- അംഗങ്ങൾ കൂട്ടിച്ചേർത്തു.
ഇനിയും ഇതിൽ ഒരു വട്ടുവീഴ്ച്ചയില്ലെന്നും അവർ വ്യക്തമാക്കി. ഒന്നുകിൽ ചെയർമാൻ സ്വയം തിരുത്തണം. അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
Discussion about this post