തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായ വിജയൻ സാഡിസ്റ്റാണെന്നും ക്രിമിനലുകള കൊണ്ടുനടക്കുന്നയാളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ സമനില തെറ്റി. ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. അധികാരത്തിൻറെ ധാർഷ്ടവും അഹങ്കാരവും മുഖ്യമന്ത്രിയുടെ തലയ്ക്ക് പിടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
നവകേരള സദസ്സിലായതിനാൽ മുഖ്യമന്ത്രിക്കൊപ്പം കുടുംബാംഗങ്ങളില്ല. അതുകൊണ്ട് കൃത്യമായ സമയത്ത് മുഖ്യമന്ത്രിക്ക് മരുന്നുകൾ നൽകാൻ മന്ത്രിമാർ ശ്രദ്ധിക്കണമെന്നും വി.ഡി.സതീശൻ പരിഹസിച്ചു.
ജനജീവിതം ദുരിതത്തിലാക്കിയ മുഖ്യമന്ത്രി നാട്ടുകാരുടെ പൈസയിൽ രാഷ്ട്രീയം പറഞ്ഞ് നടക്കുകയാണെന്നും ആരാൻറെ മക്കളെ റോഡിലിട്ട് ചവിട്ടുമ്പോൾ ആനന്ദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി ക്രിമിനലുകളെയാണ് കൊണ്ടു നടക്കുന്നത്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ പ്രതിപക്ഷത്തേയും നിർബന്ധിതരാക്കരുത്. പ്രശ്നം തെരുവിലേക്ക് വലിച്ചിഴക്കേണ്ടെന്ന് കരുതിയാണ് പ്രതിപക്ഷം ഇക്കാര്യത്തിൽ സംയമനം പാലിക്കുന്നത്. മുഖ്യമന്ത്രി കസേരയിൽ എക്കാലത്തും പിണറായി വിജയൻ ഉണ്ടാവുമെന്ന് പോലീസുകാർ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post