തിരുവനന്തപുരം: കേരളത്തിന് നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിലൂടെ ലഭിച്ച ആനുകൂല്യവും സാമ്പത്തിക സഹായവും തുറന്നുപറഞ്ഞ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രം അവഗണിക്കുകയാണെന്ന സംസ്ഥാന മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പ്രചാരവേലകൾക്ക് മറുപടി നൽകുകയായിരുന്നു അവർ. തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിൽ നടന്ന വികസിത് ഭാരത് സങ്കൽപ് യാത്ര പരിപാടിയിലായിരുന്നു കേരളത്തിലെ ഭരണപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങൾക്ക് കേന്ദ്ര ധനമന്ത്രി ഒരിക്കൽ കൂടി കണക്കുകൾ നിരത്തി മറുപടി പറഞ്ഞത്.
ഉജ്ജ്വൽ യോജന പദ്ധതി വഴി ഇന്ത്യയിൽ 9.6 കോടി ആളുകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ ലഭിച്ചു. അതിൽ 3.41 ലക്ഷം കണക്ഷനുകൾ കേരളത്തിലാണ്. തിരുവനന്തപുരത്ത് മാത്രം 63,500 കണക്ഷൻ നൽകിയിട്ടുണ്ട്. ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിലൂടെ റേഷൻ കടകൾ വഴി സൗജന്യ റേഷൻ അഞ്ച് വർഷം കൂടി 2029 വരെ മോദി സർക്കാർ നീട്ടിക്കഴിഞ്ഞു. രാജ്യത്ത് ഈ പദ്ധതിയുടെ 81.35 കോടി ഗുണഭോക്താക്കളാണുളളത്. കേരളത്തിൽ 1.54 കോടിയും. അതിൽ 16.78 ലക്ഷം ഗുണഭോക്താക്കൾ തിരുവനന്തപുരത്താണെന്ന് മന്ത്രി പറഞ്ഞു.
2014 മുതൽ 51 കോടി ജൻധൻ അക്കൗണ്ടുകളാണ് രാജ്യത്ത് നൽകിയത്. ബിസിനസ് നടത്തുന്ന സംരംഭകർക്ക് വായ്പയെടുക്കാൻ നരേന്ദ്രമോദിയുടെ സർക്കാരാണ് ഗ്യാരണ്ടി നൽകുന്നത്. ബാങ്കിൽ വായ്പയ്ക്ക് എത്തുമ്പോൾ ഈട് ചോദിക്കുമായിരുന്നു. എന്നാൽ സംരംഭകർക്ക് വായ്പ കൊടുക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി പിഎം മുദ്ര, പിഎം സ്വാനിധി, പിഎം സ്്റ്റാൻഡ് അപ്പ് ഇന്ത്യ തുടങ്ങി മൂന്ന് വായ്പകളാണ് ഇതിനായി തുടങ്ങിയത്.
പിഎം മുദ്ര വായ്പ വഴി 25 കോടി രൂപ 44 കോടി ജനങ്ങൾക്ക് ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.
കേരളത്തിൽ 91,200 കോടി രൂപ വിതരണം ചെയ്തു 1.4 കോടി ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. 11,500 കോടി വിതരണം ചെയ്തു. 16.3 ലക്ഷം ഗുണഭോക്താക്കൾക്ക്
സ്റ്റാൻഡ് അപ്പ് വായ്പ 22000 കോടി രൂപയാണ് വിതരണം ചെയ്തത്. 2 ലക്ഷം സംരംഭകർക്ക് 640 കോടി രൂപ നൽകി. 7600 സംരംഭകർക്ക് ഗുണമായി. തിരുവനന്തപുരത്ത് മാത്രം 893 സംരംഭകർക്ക് 80 കോടി രൂപ നൽകിയെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി.
തെരുവു കച്ചവടക്കാരെ സഹായിക്കാനുളള പിഎം സ്വാനിധി 57 ലക്ഷം ആളുകൾ പ്രയോജനപ്പെടുത്തി. 43 ശതമാനം ഒബിസിയും 23 ശതമാനം എസ്‌സി, എസ്ടി വിഭാഗത്തിലുളളവരുമാണ് ഇത് ഏറ്റവും അധികം പ്രയോജനപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിനോട് ഒരു വേർതിരിവും ഇല്ല. പിഎം സ്വാനിധിയിൽ കേരളത്തിൽ നിന്ന് വായ്പയെടുത്തതിൽ 58 ശതമാനവും വനിതകളാണന്നും നിർമല സീതാരാമൻ പറഞ്ഞു.
കേന്ദ്രസർക്കാർ ഇതേ രീതിയിലാണ് പ്രവർത്തിക്കുന്നത്. ബാക്കിയുളളിടത്തൊക്കെ നൽകുന്ന പദ്ധതികൾ ഇവിടെയും നൽകുന്നുണ്ടെന്ന് അവർ പറഞ്ഞു. താഴെക്കിടയിൽ കിടക്കുന്നവരെ സഹായിക്കുകകയാണ് ഞങ്ങളുടെ ലക്ഷ്യം. കേരളത്തെ ഒരു തരത്തിലുളള കുഴപ്പത്തിലുമാക്കുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. രാജ്യം മുന്നോട്ടു വെച്ച വികസിത സങ്കൽപ്പത്തിന്റെ ആശയം ഓരോരുത്തരും ഉൾക്കൊള്ളണമെന്നും 2047 ലേക്കുള്ള യാത്രയിൽ നാം ഓരോരുത്തരും സംഭാവന ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിളിന്റെ ആഭിമുഖ്യത്തിൽ മംഗലപുരം റഷാജ് റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ പദ്ധതി ഗുണഭോക്താക്കൾക്കുള്ള ചെക്കുകളും ഉജ്വല യോജന ഗുണഭോക്താക്കൾക്കുള്ള ഗ്യാസ് സ്റ്റൗകളും മന്ത്രി കൈമാറി.
Discussion about this post