തിരുവനന്തപുരം: ഒമിക്രോൺ ഉപവകഭേദമായ ജെ എൻ.1 കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിതാന്ത ജാഗ്രതയിലൂടെയാണ് ഇത് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ജാഗ്രത ഉണ്ടാകണം. മറ്റ് രോഗങ്ങളുള്ളവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും വീണ ജോർജ് അറിയിച്ചു.
അമേരിക്കയിൽ ആദ്യം സ്ഥിരീകരിക്കുകയും ചൈനയിൽ അതിവേഗ വ്യാപനത്തിന് കാരണമാകുകയും ചെയ്ത കൊവിഡിന്റെ പുതിയ ഉപവകഭേദം ‘ജെഎൻ.1’ കേരളത്തിൽ സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാരാണ് വ്യക്തമാക്കിയത്. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയ്യാറെടുപ്പുകളും ശക്തമാക്കിയിരിക്കുകയാണ്.
വിദേശത്ത് നിന്നും എത്തുന്നവർ കൂടുതലുള്ള കേരളത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. നിലവിൽ 1324 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Discussion about this post