വയനാട് : വാകേരിയില്‍ കർഷകനായ പ്രജീഷിന്റെ മരണത്തിന് കാരണക്കാരനായ നരഭോജിക്കടുവയെ വെടിവെച്ചു കൊന്നെ പറ്റൂ എന്ന നാട്ടുകാരുടെ ആവശ്യം വനം വകുപ്പ് തള്ളി. കടുവ കൂട്ടിൽ ആയതോടെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വലിയ രീതിയിൽ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ കൂട്ടിൽ അകപ്പെട്ട കടുവയെ വെടിവെച്ച് കൊല്ലാൻ കഴിയില്ലെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.
നിയമപരമായ തടസ്സങ്ങളും മറ്റും അറിയിച്ചിട്ടും നാട്ടുകാരുടെ പ്രതിഷേധം ശമിക്കാത്തതിനെത്തുടർന്ന് കടുവയെ താൽക്കാലികമായി കുപ്പാടി മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. വൈകാതെ തന്നെ കടുവയെ ഇവിടെ നിന്നും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള നടപടികൾ വനം വകുപ്പ് അധികൃതർ ആരംഭിച്ചുകഴിഞ്ഞു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയ്ക്കായി പ്രത്യേക ഐസൊലേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കർഷകനായ പ്രജീഷിനെ നരഭോജി കടുവ ആക്രമിച്ച കൊലപ്പെടുത്തിയതിന്റെ പത്താം ദിവസമാണ് കടുവ കൂട്ടിൽ അകപ്പെടുന്നത്. കഴിഞ്ഞ പത്തോളം ദിവസങ്ങളായി കടുവയ്ക്കായി വനം വകുപ്പ് വലിയ രീതിയിൽ തന്നെ തിരച്ചിൽ നടത്തിയിരുന്നു. നരഭോജി കടുവ മനുഷ്യജീവന് ഭീഷണി ഉയർത്തിയതിനാൽ കോടതിയിൽ നിന്നും കടുവയെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് ലഭിച്ചിരുന്നു. എന്നാൽ മയക്കുവെടി വയ്ക്കാൻ സാധിച്ചില്ലെങ്കിൽ മാത്രമാണ് വെടിവച്ച് കൊല്ലാൻ ഉള്ള ഉത്തരവ് ഉണ്ടായിരുന്നത്.
നരഭോജി കടുവയെ പിടികൂടുന്നതിനായി അഞ്ചു കൂടുകളും 35-ഓളം ക്യാമറകളും ഈ പ്രദേശത്ത് പലയിടങ്ങളിലായി സ്ഥാപിച്ചിരുന്നു. ഒടുവിൽ പ്രജീഷിന്റെ മൃതദേഹം കിടന്നിരുന്ന കൂടല്ലൂര്‍ കോളനിക്കവലയിലെ തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവ കൂട്ടിലായതോടെ ധാരാളം ആളുകൾ ഇവിടെ സംഘടിച്ച് എത്തിയിരുന്നു. കടുവയെ ഉടൻതന്നെ വെടിവെച്ചു കൊല്ലണമെന്ന് ഇവർ വലിയ രീതിയിൽ പ്രതിഷേധമുയർത്തി. എന്നാൽ കൂട്ടിൽ കുടുങ്ങിക്കഴിഞ്ഞതിനാൽ കടുവയെ ഇനി വെടിവെച്ച് കൊലപ്പെടുത്താൻ കഴിയില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി.








