ന്യൂഡൽഹി: ന്യൂനപക്ഷ സമുദായങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെ ഗുണഫലങ്ങൾ നല്ല രീതിയിൽ അനുഭവിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാഴ്സികളെ പോലെയുള്ള, ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷങ്ങളായ ജനവിഭാഗങ്ങൾ പോലും രാജ്യത്ത് അങ്ങേയറ്റം സുരക്ഷിതരായി ജീവിക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക പുരോഗതി മികച്ചതാണെന്നും ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകമെമ്പാടും വിവേചനം നേരിടുമ്പോഴും അവർ ഇന്ത്യയിൽ സുരക്ഷിതമായ താവളം കണ്ടെത്തി സന്തോഷത്തോടെയും സമൃദ്ധിയോടെയും ജീവിച്ച് പോകുന്നു. ഇന്ത്യയിലെ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരാണോ എന്ന ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
ഖാലിസ്ഥാൻ ഭീകരവാദിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥൻ പിടിയിലായതിനെ കുറിച്ചുള്ള ചോദ്യത്തിന്, തെളിവില്ലാത്ത ആരോപണങ്ങളെ താൻ ഗൗനിക്കില്ലെന്ന് പ്രധാനമന്ത്രി മറുപടി നൽകി. ഇത്തരം സംഭവങ്ങൾ ഇന്ത്യ- അമേരിക്ക ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.








