പല വിവാഹ ആഘോഷങ്ങളും നിസാര പ്രശ്‌നങ്ങൾ കൊണ്ട് വലിയ സംഘർഷത്തിലേക്ക് മാറുന്ന വാർത്തകൾ നാം കണ്ടിട്ടുണ്ട്. പപ്പടത്തിന്റെ പേരിൽ മുതൽ ബിരിയാണിയ്ക്ക് ഇറച്ചി കുറഞ്ഞതിന്റെ പേരിൽ വരെ വലിയ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ പനീർ കിട്ടാത്തതിന്റെ പേരിൽ ഒരു വിവാഹ ആഘോഷത്തിനിടെ തല്ലുണ്ടായെന്നാണ് റിപ്പോർട്ട്.
ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്.വധുവിൻറെയും വരൻറെയും ബന്ധുക്കൾ തമ്മിലാണ് അടി ഉണ്ടായത്. അതിഥികൾക്കായി ഒരുക്കിയ വിരുന്നിനിടെ വിളമ്പിയ ‘മതർ പനീറി’ൽ പനീർ കഷണങ്ങൾ ഇല്ലാതിരുന്നതാണ് ഇതിന് കാരണമായത്രേ.
വീഡിയോ ദൃശ്യങ്ങളിൽ, അതിഥികൾക്കായി മേശപ്പുറത്ത് ഭക്ഷണം വിളമ്പി വച്ചിരിക്കുന്നത് കാണാം. ഇതിനിടയിലൂടെ യുവാക്കൾ പരസ്പരം തമ്മിൽ തല്ലുന്നു. ചിലർ കസേര വലിച്ചെടുത്ത് മറ്റുള്ളവരുടെ മേൽ ആഞ്ഞടിക്കുന്നു. മറ്റ് ചിലർ മുഖമടച്ച് അടിക്കുന്നതും കാണാം. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ഇത് ഏത് നാട്ടിലെ വിവാഹ ആഘോഷത്തിന്റെ ഇടയിലാണ് സംഭവിച്ചത് എന്നതിൽ വ്യക്തതയില്ല.









