ലണ്ടൻ : ലണ്ടനിൽ വെച്ച് കാണാതായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ലോഫ്‌ബറോ സർവകലാശാലയിൽ എംഎസ്‌സി ഡിജിറ്റൽ ഫിനാൻസ് വിദ്യാർത്ഥി ആയിരുന്ന ഗുരശ്മാൻ സിംഗ് ഭാട്ടിയ ആണ് മരണപ്പെട്ടത്. ഡിസംബർ 14-നായിരുന്നു ഗുരശ്മാൻ സിംഗിനെ കാണാതായിരുന്നത്.
കിഴക്കൻ ലണ്ടനിലെ കാനറി വാർഫ് ഏരിയയിലെ തടാകത്തിൽ നിന്നുമാണ് ഗുരശ്മാൻ സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് മുങ്ങൽ വിദഗ്ധർ തടാകത്തിൽ നടത്തിയ വിശദമായ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്താൻ ആയത്. 23 കാരനായ വിദ്യാർത്ഥിയുടെ മരണത്തിൽ അസ്വഭാവികത ഉണ്ടോ എന്ന് വിശദമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാക്കാൻ ആവൂ എന്ന് പോലീസ് അധികൃതർ അറിയിച്ചു.
ഗുരശ്മാൻ സിംഗിനെ കാണാതായതിന് പിന്നാലെ യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹം സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണം നടത്തിയിരുന്നു. തുടർന്ന് ബി.ജെ.പി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ ഗുരശ്മാൻ സിംഗിന്റെ തിരോധാനത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.








