പാരീസ്: ദുബായിൽ നിന്ന് 303 ഇന്ത്യക്കാരുമായി പറന്ന വിമാനം ഫ്രാൻസിൽ തടഞ്ഞുവച്ചു. മനുഷ്യക്കടത്താണെന്ന സംശയത്തെ തുടർന്നാണ് വിമാനം തടഞ്ഞത്. നികരാഗ്വയിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര.
വിമാനം വ്യാഴാഴ്ച സാങ്കേതിക തടസത്തെ തുടർന്ന് ഫ്രാൻസിലെ വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. പിന്നാലെ പോലീസ് ഇടപെടുകയായിരുന്നു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്രാൻസ് അധികൃതർ വിമാനം പരിശോധിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.റുമേനിയൻ ചാർട്ടർ കമ്പനിയായ ലെജന്റ് എയർലൈൻസിന്റെയാണ് വിമാനം. യാത്രക്കാരെ ചോദ്യം ചെയ്ത് വരികയാണ്.
വിമാനത്തിലെ ഇന്ത്യക്കാർ യുഎസിലേക്കോ കാനഡയിലേക്കോ അനധികൃത കുടിയേറ്റം നടത്തുന്നതിനായി, മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയിലായിരിക്കാം എന്നാണ് പ്രാഥമിക വിലയിരുത്തൽ.വിമാനത്തിൽ ഇന്ത്യാക്കാരുണ്ടെന്ന് വ്യക്തമായതോടെ ഫ്രാൻസിലെ സംഘടിത കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംഘം ഇക്കാര്യം ഇന്ത്യൻ എംബസിയെ അറിയിച്ചു. എംബസിയിൽ നിന്നുള്ളവർ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്








