കൊച്ചി:വിവാഹ ചടങ്ങിന്റെ ഫോട്ടോസും വീഡിയോയും നല്‍കാതെ ദമ്പതികളെ പറ്റിച്ച ഫോട്ടോഗ്രാഫിക് സ്ഥാപനത്തിന് എട്ടിന്റെ പണി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആല്‍ബവും വീഡിയോയും കൊടുക്കാത്തതിലാണ് പണി കിട്ടിയത്. 1,18,50രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിറക്കി. എറണാകുളം ആലങ്കോട് സ്വദേശികളായ അരുണ്‍ ജി നായര്‍ , ഭാര്യ ശ്രുതി സതീഷ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. അഡ്വ. ഡി ബി ബിനു, അഡ്വ. വി രാമചന്ദ്രന്‍, അഡ്വ. ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായുള്ള കമീഷനാണ് ഉത്തരവിട്ടത്.
2017 ഏപ്രില്‍ 16ന് നടന്ന വിവാഹത്തിന് തലേ ദിവസവും വിവാഹ ദിവസവും ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് എറണാകുളത്തെ മാട്രിമോണി ഡോട്ട് കോമില്‍ ഏല്‍പ്പിച്ചിരുന്നു.58,500 രൂപ അഡ്വാന്‍സ് ആയി നല്‍കുകയും ചെയ്തു.എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആല്‍ബവും വീഡിയോയും കമ്പനി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ദമ്പതികള്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.
ജീവിതത്തിലെ ഏറ്റവും പവിത്രവും പ്രാധാന്യമുള്ളതുമായ വിവാഹ ചടങ്ങ് പകര്‍ത്തുന്നതിന് വേണ്ടിയാണ് സ്ഥാപനത്തെ ദമ്പതികള്‍ സമീപിച്ചത്. എന്നാല്‍ കമ്പനി വാഗ്ദാന ലംഘനമാണ് ചെയ്തത്. പരാതിക്കാര്‍ അനുഭവിച്ച വൈകാരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വീഴ്ച വരുത്തിയവര്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി അറിയിച്ചു. അഡ്വാന്‍സ് ആയി നല്‍കിയ 58,500 രൂപയും നഷ്ടപരിഹാരമായി 60,000 രൂപയും 30 ദിവസത്തിനകം സ്ഥാപനം പരാതികാരന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
Discussion about this post