കണ്ണൂർ: 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ധർമ്മടത്ത് മത്സരിച്ച സി രഘുനാഥ് ബിജെപിയിലേക്ക്. കോൺഗ്രസിൽ നിന്നും രാജിവെച്ച അദ്ദേഹം ഡൽഹിയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിക്കും. ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന രഘുനാഥ്, കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചത്.
കണ്ണൂർ കോർപറേഷൻ ഭരണത്തിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയതോടെ താൻ കോൺഗ്രസിന് അനഭിമതനായെന്ന് രഘുനാഥ് പറയുന്നു. കോൺഗ്രസിന് വേട്ടക്കാരന്‍റെ മനസാണെന്നും അതിനാൽ താൻ പാർട്ടി വിടുകയാണെന്നും രഘുനാഥ് വ്യക്തമാക്കി.
പിണറായി വിജയനെതിരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ടാമത്തെ കോൺഗ്രസ് നേതാവാണ് പാർട്ടി വിടുന്നത്. നേരത്തേ 2016ൽ പിണറായിക്കെതിരെ ധർമ്മടത്ത് മത്സരിച്ച മമ്പറം ദിവാകരനും പിന്നീട് കോൺഗ്രസിൽ നിന്നും പുറത്ത് പോയിരുന്നു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന തർക്കങ്ങളെ തുടർന്നാണ് മമ്പറം ദിവാകരൻ കോൺഗ്രസിൽ നിന്നും പുറത്തായത്.
Discussion about this post