ജനാഭിമുഖ കുര്‍ബാന തടയാന്‍ ശ്രമം; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി പോലീസ്
എറണാകുളം : ക്രിസ്തുമസ് ദിനത്തിൽ ജനാഭിമുഖ കുർബാന തടയാൻ ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം. എറണാകുളം ചിറ്റൂര്‍ സെന്റ് തോമസ് ചര്‍ച്ചിലാണ് പ്രതിഷേധക്കാര്‍ കുര്‍ബാന തടയാന്‍ ശ്രമിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ജനാഭിമുഖ കുര്‍ബാന നടത്തിയാല്‍ തടയുമെന്ന് നേരത്തെ എറണാകുളത്ത് നടന്ന പ്രതിഷേധത്തില്‍ ഔദ്യോഗിക പക്ഷം വ്യക്തമാക്കിയിരുന്നു.
രാവിലെ ജനാഭിമുഖ കുര്‍ബാന ആരംഭിച്ചപ്പോള്‍ തന്നെ ഔദ്യോഗികപക്ഷത്തിലെ ചിലർ എത്തി കുര്‍ബാന തടയാന്‍ ശ്രമിക്കുകയായിരുന്നു. അള്‍ത്താരക്കടുത്തേക്ക് എത്തിയ പ്രതിഷേധക്കാർ വൈദികൻ കുർബാന നടത്തുന്നത് തടയാൻ ശ്രമിച്ചു. ഇതോടെ ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാര്‍ക്കെതിരെ രംഗത്തെത്തുകയും സംഘർഷം ഉണ്ടാവുകയും ചെയ്യുകയായിരുന്നു.
കുർബാന തടസ്സപ്പെട്ടതോടെ വൈദികൻ തന്നെ മുന്നിട്ടെത്തി ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരുടെ അഭിപ്രായമാരാഞ്ഞു. ഭൂരിപക്ഷം പേരും ജനാഭിമുഖ കുർബാനയെ അനുകൂലിക്കുകയായിരുന്നു ചെയ്തത്. ഇതോടെ വൈദികൻ വീണ്ടും കുർബാന പുനരാരംഭിച്ചതോടെ പ്രതിഷേധക്കാർ വീണ്ടും തടസ്സമുണ്ടാക്കി. ഇതോടെ പോലീസിനെ അറിയിക്കുകയും പോലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
Discussion about this post