പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ മൂന്നാം ദിനവും ഏറ്റുമുട്ടല്‍ തുടരുന്നു. വ്യോമസേനാ താവളത്തിനുള്ളില്‍ നിന്ന് വെടിവയ്പ്പിന്റെ ശബ്ദം കേള്‍ക്കുന്നതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ ആക്രമണത്തിനിടയാക്കിയ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധമന്ത്രാലയം മൂന്നംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കി.
രണ്ടു ഭീകരര്‍ ഇപ്പോഴും വ്യോമസേന താവളത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. ഇവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിലാണ് തുടരുന്നത്. രാത്രിയായതോടെ ഭീകരരുടെ ഭാഗത്തുനിന്നുള്ള ചെറുത്തുനില്‍പ്പ് ഇല്ലാതായെങ്കിലും ഇവര്‍ ഉണ്ടെന്ന് സംശയിക്കുന്ന മേഖല വളഞ്ഞ് ശക്തമായ പ്രത്യാക്രമണത്തിന് സര്‍വസജ്ജമായി തയാറായിരിക്കുകയാണ് സേന.
സൈനിക വേഷത്തില്‍ താവളത്തിനുള്ളില്‍ പ്രവേശിച്ച ഭീകരരില്‍ നാലുപേരെ ആദ്യദിനം തന്നെ വധിച്ചിരുന്നു. ഏറ്റുമുട്ടലിനിടെ ഏഴു സൈനികരും ജീവന്‍ വെടിഞ്ഞു. അതേസമയം, ഭീകരാക്രമണ വിഷയം പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ഇന്ത്യ ഉന്നയിക്കും. എഴുപത്തിരണ്ടു മണിക്കൂറിനുള്ളില്‍ ജയ്‌ഷെ മുഹമ്മദിനെതിരെ നടപടിയെടുക്കുന്നതിനാകും ആവശ്യപ്പെടുക. രഹസ്യന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളും ഭീകരസംഘടനയ്‌ക്കെതിരെ ശേഖരിച്ച വിവരങ്ങളെയും അടിസ്ഥാനപ്പെടുത്തി നടപടിയെടുക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
Discussion about this post