ന്യുഡല്‍ഹി: ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ആര്‍ക്കും പരിക്കില്ലെന്നും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എംബസി സ്ഥിരീകരിച്ചു.
സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള സിസിടിവിയിൽ രണ്ട് പ്രതികളുടെ ദൃശ്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രതികളെയും അവരുടെ കൂട്ടാളികളെയും കണ്ടെത്തുന്നതിനായി സമീപത്തെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങള്‍ ഡൽഹി പോലീസ് പരിശോധിച്ച് വരികയാണ്.
ഇസ്രായേൽ എംബസിയുടെ അംബാസഡറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്ത്, ഇസ്രായേൽ പതാകയിൽ പൊതിഞ്ഞ്, സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഇംഗ്ലീഷിൽ എഴുതിയ കത്തിൽ, ഗാസയിലെ ഇസ്രായേലിന്റെ നടപടികളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. പ്രതികാരം ചെയ്യുന്നുവെന്നതാണ് കത്തില്‍ പറഞ്ഞിട്ടുള്ളത്. ‘സർ അല്ലാഹ് റെസിസ്റ്റൻസ്’ എന്ന് സ്വയം പരിചയപ്പെടുത്തിയ കത്ത് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.








