ന്യൂഡല്‍ഹി:ആക്രി സാധനങ്ങളുടെ വില്‍പ്പനയിലുടെ കേന്ദ്ര സര്‍ക്കാര്‍ നേടിയത് 1 ,163 കോടി രുപയെന്ന് റിപ്പോര്‍ട്ട്. ഓഫീസുകളിലെ പഴയ ഫയലുകള്‍,ഓഫീസ് ഉപകരണങ്ങള്‍, നശിച്ച വാഹനങ്ങള്‍ തുടങ്ങിയവ വിറ്റാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത്രയും പണം നേടിയത്. ഈ വര്‍ഷം ഒക്ടോബറില്‍ ഒരു മാസത്തെ കാമ്പെയ്നിനിടെ നേടിയത് 557 കോടി രൂപയാണ്.ഭരണപരിഷ്‌കാര-പൊതുപരാതി വകുപ്പാണ് ഇതിന് നേതൃത്വം നല്‍കിയത്.
2021 ഒക്ടോബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ 96 ലക്ഷം ഫയലുകള്‍ നീക്കം ചെയ്യ്തു. ഇതിലൂടെ സര്‍ക്കാര്‍ ഓഫീസുകളില്‍ 355 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ലഭിച്ചത്. ഇത് ഓഫീസുകളിലെ വിശ്രമ കേന്ദ്രങ്ങളായും മറ്റ് ഉപയോഗപ്രദമായ ആവശ്യങ്ങള്‍ക്കുമായി വിനിയോഗിക്കുന്നതിനും സാധിച്ചു.സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായായിരുന്നു ഓഫീസുകള്‍ വൃത്തിയാക്കിയത്.
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-3 ന് 600 കോടി രൂപയായിരുന്നു ചിലവ്. സമാനമായ രണ്ട് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാനാവശ്യമായ പണമാണ് ആക്രി വിറ്റ് മാത്രം സര്‍ക്കാര്‍ നേടിയത് എന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ആക്രി സാധനങ്ങള്‍ വിറ്റതിലൂടെ സര്‍ക്കാരിന് ലഭിച്ച 556 കോടി രൂപയില്‍ ഏകദേശം 225 കോടി രൂപ റെയില്‍വേ മന്ത്രാലയത്തിന് മാത്രം ലഭിച്ചതാണ്. പ്രതിരോധ മന്ത്രാലയത്തിന് 168 കോടി, പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം 56 കോടി, കല്‍ക്കരി മന്ത്രാലയത്തിന് 34 കോടി എന്നിങ്ങനെയാണ് മറ്റ് പ്രധാന വരുമാനം.ഈ വര്‍ഷം ആകെ 164 ലക്ഷം ചതുരശ്ര അടി സ്ഥലം ഉപയോഗ യോഗ്യമാക്കിയതില്‍, കല്‍ക്കരി മന്ത്രാലയത്തിന് 66 ലക്ഷം ചതുരശ്ര അടിയിലും ഘനവ്യവസായ മന്ത്രാലയത്തിന് 21 ലക്ഷം ചതുരശ്ര അടിയും പ്രതിരോധ മന്ത്രാലയത്തിന് 19 ലക്ഷം ചതുരശ്ര അടിയുമാണ് പ്രയോജനപ്പെടുത്താന്‍ സാധിച്ചത്.










