ചെന്നൈ: എണ്ണൂറിലെ അമോണിയ ചോർച്ചയുണ്ടായ കൊറോമണ്ഡൽ പ്ലാന്റ് വീണ്ടും തുറക്കാൻ തീരുമാനം. വിദഗ്ധ സമിതി പരിശോധനയ്ക്ക് ശേഷം സംസ്ഥാന സർക്കാർ പ്ലാന്റ് തുറക്കാൻ അനുമതി നൽകിയതിന് പിന്നാലെയാണ് പ്ലാന്റ് തുറക്കാൻ തീരുമാനമായത്. അമോണിയ ചോർച്ചയ്ക്ക് പിന്നാലെ 52ഓളം ആളുകളാണ് ആശുപത്രിയിലായത്. ഇവരെല്ലാവരും ആശുപത്രി വിട്ടതായി മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ വിശദമാക്കുന്നു.
ഫാക്ടറിയിലും പരിസരത്തും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കൊറമാണ്ഡൽ കമ്പനി വ്യക്തമാക്കി. സംസ്ഥാന സർക്കാർ നിയോഗിച്ച ഏഴംഗ സമിതി ഫാക്ടറി പരിശോധിച്ച് അമോണിയ ചോർച്ച സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയതായും മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായ വളം നിർമ്മാണ കമ്പനി വിശദമാക്കി. ഏഴംഗ സമിതി ഫാക്ടറിയുടെ എമർജന്‍സി നടപടികളെ അംഗീകരിച്ചതായും കമ്പനി വാർത്താക്കുറിപ്പിൽ വിശദമാക്കുന്നു.
അമോണിയ ലീക്ക് വലിയ രീതിയിൽ അപകടമുണ്ടാക്കുന്ന രീതിയിലെത്തും മുന്‍പ് തടയാന്‍ സാധിച്ചു. അമോണിയ കൊണ്ടുപോകുന്ന പൈപ്പിലെ സുരക്ഷാ പരിശോധന പൂർത്തിയായതായി കൊറോമണ്ഡൽ കമ്പനി അറിയിച്ചു.








