എറണാകുളം: മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയ്‌ക്കെതിരായ കോപ്പിയടി ആരോപണത്തിൽ പ്രതികരിച്ച് സംവിധായകൻ ഡിജോ ജോസ്. കട്ടോ മോഷ്ടിച്ചോ സിനിമ എടുക്കുന്ന ആളല്ല താനെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങളിൽ അതിയായ വിഷമം ഉണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കട്ടോ മോഷ്ടിച്ചോ സിനിമ എടുക്കുന്ന ആളല്ല താൻ. നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിച്ചാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. എന്നാൽ ആദ്യ സിനിമ മുതൽ അനാവശ്യമായ ആരോപണം ആണ് കേൾക്കുന്നത്. ഇതിൽ അതിയായ വിഷമമുണ്ട്. താനൊരു സംവിധായകൻ ആണ്. അല്ലാതെ എഴുത്തുകാരൻ അല്ല. ഇക്കാര്യം ഏവരും ഓർക്കണം. ആരോപണം ഉന്നയിക്കുമ്പോൾ കൃത്യത വേണമെന്നും ഡിജോ പറഞ്ഞു.
ഫെഫ് സംഘടനയോട് എന്നും കടപ്പെട്ടിരിക്കുന്നു. ഈ പ്രശ്‌നങ്ങളെല്ലാം നടക്കുമ്പോൾ താനിവിടെ ഉണ്ടായിരുന്നില്ല. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബഹ്‌റൈനിൽ ആയിരുന്നു. അതുകൊണ്ടാണ് പ്രതികരിക്കാൻ വൈകിപ്പോയത്. എല്ലാ വിവരങ്ങളും തന്റെ കൈവശം ഉണ്ടെന്നും ഡിജോ കൂട്ടിച്ചേർത്തു.
എല്ലാ സിനിമകളുടെയും പ്രമോഷന് എന്റേതായ രീതിയുണ്ട്. ജനഗണമന റിലീസ് ചെയ്യുന്നതിന്റെ രണ്ട് ദിവസം മുൻപ് ലിസ്റ്റിൻ വിളിച്ചിരുന്നു. കോടതി രംഗങ്ങളിലെ സീനുകൾ പുറത്തുവിടുന്നില്ലേ എന്ന് ചോദിച്ചു. എന്നാൽ പുറത്തുവിടാൻ കഴിയില്ല. സിനിമയുടെ ഒരു കാര്യവും ഇതുവരെ പുറത്തുവിടാതിരുന്നിട്ടില്ല. തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നോക്കിയാൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കാണാം.
മലയാളി ഫ്രം ഇന്ത്യയുടെ പ്രമോഷനിൽ പാളിച്ച പറ്റിയിട്ടില്ല. സിനിമയുടെ സെക്കൻഡ് ഹാഫിൽ കഥയുടെ സ്വഭാവം മാറുന്നുണ്ട്. പ്രേക്ഷകർക്ക് പ്രതീക്ഷിച്ച ഹ്യൂമർ കിട്ടുന്നുണ്ടെന്നും ഡിജോ വിശദമാക്കി.












