ന്യൂഡൽഹി: ആയുധ നിർമ്മാണത്തിൽ സ്വയം പര്യാപ്തക കൈവരിച്ചതോടെ പ്രതിരോധ ആയുധ ഇറക്കുമതി അവനാസിപ്പിക്കാൻ ഭാരതം. അടുത്ത സാമ്പത്തിക വർഷം മുതൽ വിദേശ നിർമ്മിത പ്രതിരോധ ആയുധങ്ങൾ ഇറക്കുമതി ചെയ്യില്ലെന്ന് കരസേന എഡിജി മേജർ ജനറൽ വി.കെ ശർമ്മ പറഞ്ഞു.
രാജ്യത്തിന്റെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി വിജയം കാണുന്നുണ്ട്. അതിനാൽ അടുത്ത സാമ്പത്തിക വർഷം മുതൽ വിദേശത്ത് നിന്നുള്ള പ്രതിരോധ ആയുധ ഇറക്കുമതി അവസാനിപ്പിക്കും. ഇന്ത്യയിൽ നിർമ്മിക്കാൻ സാധിക്കാത്ത ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ എണ്ണം കുറയ്ക്കും. സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിരോധ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഏകദേശം ആറായിരം മുതൽ എട്ടായിരം കോടി രൂപ വരെ ഇതിനായി രാജ്യം ചിലവഴിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇന്ന് ഭൂരിഭാഗം ആയുധങ്ങളും സ്വന്തമായി നിർമ്മിക്കാൻ രാജ്യത്തിന് കഴിവുണ്ട്. അതിനാൽ ഇത് ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ല. പ്രതിരോധ ആയുധ നിർമ്മാണത്തിനായി നിരവധി സ്വകാര്യ കമ്പനികൾ ആണ് സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കാൺപൂരിൽ അദാനി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആയുധ ശാല ഉദ്ഘാടനം ചെയ്തു. ഷെല്ലുകൾ, ചെറു റോക്കറ്റുകൾ, ചെറുതും വലുതുമായ വെടിയുണ്ടകൾ, മിസൈലുകൾ എന്നിവ ഇവിടെ നിന്നും സേനകൾ്ക്ക ലഭിക്കുമെന്നും അദ്ദേഹം വിശദമാക്കി. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് അല്ല രാജ്യത്ത് ആയുധങ്ങളുടെ നിർമ്മാണം നടത്തുന്നത് എന്നും പ്രതിരോധ രംഗത്തെ കരുത്താണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും വി.കെ ശർമ്മ കൂട്ടിച്ചേർത്തു.
Discussion about this post